‘നിംസ് സ്‌പെക്ട്രം” മൂന്നിന് മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : ജനനം മുതൽ 18 വയസു വരെയുള്ള കുട്ടികളുടെ ബുദ്ധിവികാസ വ്യതിയാനങ്ങൾ മുൻകൂട്ടി കണ്ടെത്തി ചികിത്സിക്കുന്നതിന് നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തിൽ തുടങ്ങുന്ന പ്രത്യേക ശിശുവികസന ഗവേഷണ കേന്ദ്രം ‘നിംസ് സ്‌പെക്ട്രം” ഡിസംബർ മൂന്നിന് മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും.

18 ഡിപ്പാർട്ടുമെന്റുകളെ ഒരുമിപ്പിച്ചാണ് ശിശു പരിപാലന കേന്ദ്രം ആരംഭിക്കുന്നതെന്ന്‌  നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ട‌ർ എം.എസ്. ഫൈസൽ ഖാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിഭിന്നശേഷി കുട്ടികളുടെ ചികിത്സാ വിദഗ്‌ദ്ധനും ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. എം.കെ.സി. നായരുടെ നേതൃത്വത്തിലാണ് കേന്ദ്രം ആരംഭിക്കുന്നത്. 16 വിദഗ്ദ്ധ ഡോക്ടർമാരും 40ലധികം തെറാപ്പിസ്റ്റുകളുടെയും സേവനം ലഭ്യമാകും. മാതാപിതാക്കൾക്ക് പ്രത്യേക പരിശീലനം നൽകാനുള്ള സൗകര്യവും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഫൈസൽ ഖാൻ പറഞ്ഞു. സാമ്പത്തിക പരാധീനതയുള്ളവർക്ക് ചികിത്സാസൗകര്യവും ലഭ്യമാകും. ഓഡിയോളജി സ്‌പീച്ച് തെറാപ്പി, സെറിബ്രൽ പാൾസി, ഫിസിയോതെറാപ്പി യൂണിറ്റ്, ഇന്ദ്രിയ സമഗ്ര ചികിത്സാ യൂണിറ്റ്, പഠനവൈകല്യങ്ങൾക്കായി പ്രത്യേക യൂണിറ്റ് എന്നിവ ചികിത്സാ വിഭാഗത്തിൽ ഒരുക്കിയിട്ടുണ്ട്.

ഡോ. എം.കെ.സി. നായർ, സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ ചെയർമാൻ പരശുവയ്‌ക്കൽ മോഹനൻ, നിംസ് അഡ്മിനിസ്‌ട്രേറ്റർ ഡോ. മഞ്ജു തമ്പി, ഡോ. നയൻ‌താര, ഡോ. ഹസീന, ഡോ. ജിം ഗോപാലകൃഷ്ണൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *