ശാരദയ്ക്ക് ചലച്ചിത്ര മേളയിൽ ആദരം

ജീവിത ഗന്ധിയായ നിരവധി കഥാപാത്രങ്ങൾക്ക് തിരശീലയിൽ ഭാവം പകർന്ന നടി ശാരദയ്ക്ക് രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദരം.ശാരദ നായികയായ ഏഴ് ചിത്രങ്ങൾ മലയാളം റെട്രോസ്‌പെക്റ്റിവ് വിഭാഗത്തിൽ പ്രദർശിപ്പിച്ചു കൊണ്ടാണ് മലയാളത്തിന്റെ ശാരദയ്ക്ക്  മേള ആദരമർപ്പിക്കുന്നത്.ഡിസംബര്‍ ഏഴിന് ശാരദയുടെ സാന്നിദ്ധ്യത്തിൽ  സംവിധായകൻ  അടൂര്‍ ഗോപാലകൃഷ്ണന്‍ റെട്രോസ്പെക്ടീവ് ഉദ്‌ഘാടനം ചെയ്യും. ആദ്യചിത്രമായി സ്വയംവരമാണ്  പ്രദര്‍ശിപ്പിക്കുക.

സ്വയംവരത്തിന് പുറമെ എലിപ്പത്തായം, എ വിൻസെന്റ് സംവിധാനം ചെയ്ത തുലാഭാരം ,കെ എസ് സേതു മാധവൻ സംവിധാനം ചെയ്ത യക്ഷി,പി ഭാസ്കരന്റെ ഇരുട്ടിന്റെ ആത്മാവ്,മൂലധനം,ഭരതന്റെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം എന്നീ നിത്യ വിസ്‌മയ ചിത്രങ്ങളാണ്  ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ഇതിൽ തുലാഭാരം,സ്വയംവരം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ശാരദയ്ക്ക് മികച്ച നടിയ്ക്കുള്ള  ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

1968-ൽ പുറത്തിറങ്ങിയ തുലാഭാരം എന്ന ചിത്രത്തിലെ വിജയ എന്ന കഥാപാത്രം ശാരദയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. ഈ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിലും  ശാരദ തന്നെയാണ് നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്.

മത്സര വിഭാഗത്തില്‍ മലയാളത്തിന്റെ ജെല്ലിക്കെട്ടും വൃത്താകൃതിയിലുള്ള ചതുരവും

മലയാള സിനിമകളായ ജെല്ലിക്കെട്ടും വൃത്താകൃതിയിലുള്ള ചതുരവും ഉള്‍പ്പെടെ രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തില്‍ പതിനാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.ലിജോ ജോസ് പെല്ലിശ്ശേരിയാണ് ടൊറന്റോ ചലച്ചിത്രമേളയിലും ബുസാന്‍ ചലച്ചിത്ര മേളയിലും പ്രേക്ഷക പ്രീതി നേടിയ ജെല്ലിക്കെട്ടിന്റെ സംവിധായകൻ.ആർ കെ കൃഷാന്താണ് വൃത്താകൃതിയിലുള്ള ചതുരം ഒരുക്കിയിരിക്കുന്നത്.പത്ത് വ്യത്യസ്ത ഭാഷകളിലായുള്ള മത്സര ചിത്രങ്ങളിൽ രണ്ട് ഹിന്ദി ചിത്രങ്ങളും ഉൾപ്പെടും .

ഫഹീം ഇർഷാദ് സംവിധാനം ചെയ്ത ‘ആനി മാനി’,റഹാത്ത് കാസ്മി സംവിധാനം ചെയ്ത ‘ദി ക്വിൽറ്റ്  എന്നിവയാണ് ഈ വിഭാഗത്തിലെ ഹിന്ദി ചിത്രങ്ങൾ.ഇസ്രായേല്‍ അധിനിവേശം പ്രമേയമാക്കി അഹമ്മദ്  ഗോസൈൻ ഒരുക്കിയ ‘ഓൾ ദിസ് വിക്ടറി’, ബോറിസ് ലോജ്‌കൈന്റെ ആഫ്രിക്കൻ ചിത്രം കാമില,ബ്രെറ്റ് മൈക്കിൾ ഇന്നെസ് സംവിധാനം ചെയ്ത ദക്ഷിണാഫ്രിക്കൻ ചിത്രം ഫിലാസ് ചൈൽഡ് ,മൈക്കിൾ ഇദൊവിന്റെ റഷ്യൻ ചിത്രമായ ദി ഹ്യൂമറിസ്റ്റ്, യാങ് പിങ്ഡോയുടെ ചൈനീസ് ചിത്രം മൈ ഡിയർ ഫ്രണ്ട് എന്നിവയും ഈ വിഭാഗത്തിൽ മാറ്റുരയ്ക്കും.

കാന്‍ ഫിലിം ഫെസ്റ്റിവൽ ഉൾപ്പടെ വിവിധ രാജ്യാന്തര ചലച്ചിത്രമേളകളിൽ  പ്രദർശിപ്പിച്ച  അവർ മദേഴ്‌സ് എന്ന സ്‌പാനിഷ്‌ ചിത്രവും മത്സര വിഭാഗത്തിൽ ഉണ്ട്.സീസർ ഡയസ് ആണ് ചിത്രത്തിന്റെ സംവിധായകൻ.
ഒരു ബാലെ നർത്തകിയുടെ ജീവിതം പ്രമേയമാക്കിയ ബ്രസീലിയൻ ചിത്രം പാക്കരറ്റ്,
ജോ ഒഡാഗിരി സംവിധാനം ജപ്പാനീസ് ചിത്രം ദേ സേ നത്തിംഗ് സ്റ്റേയ്‌സ് ദി സെയിം, ഹിലാൽ ബെയ്ദറോവ്  സംവിധാനം ഓസ്ട്രിയൻ ചിത്രം വെൻ  ദി പെർസിമ്മൺസ് ഗ്രോ,ഡൊമിനിക്കൻ റിപ്പബ്ലിക് ചിത്രമായ  ദി പ്രൊജക്ഷനിസ്റ്റ് എന്നീ  ചിത്രങ്ങളും മത്സര ചിത്രങ്ങളായുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *