മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് വേണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭയില്‍ നാളെ 5 മണിക്കു മുന്‍പ്‌ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി.

കുതിരക്കച്ചവടം തടയാന്‍ വിശ്വാസ വോട്ടെടുപ്പ് വേണമെന്നു സുപ്രീം കോടതി പറഞ്ഞു. വൈകിട്ട് അഞ്ചു മണിക്കു മുന്‍പ് വിശ്വാസവോട്ട് പൂര്‍ത്തിയാക്കണം. രഹസ്യ ബാലറ്റ് പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഓപ്പണ്‍ ബാലറ്റ് ഉപയോഗിക്കണം. നടപടിക്രമം തത്സമയം സംപ്രേഷണം ചെയ്യണം. പ്രോടെം സ്പീക്കര്‍ നടപടികള്‍ നിയന്ത്രിക്കണമെന്നും കോടതി പറഞ്ഞു.

14 ദിവസമാണ് കഴിഞ്ഞ 23നു ഗവര്‍ണര്‍ അനുവദിച്ചതെന്നാണ് ഫഡ്‌നാവിസിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി ഇന്നലെ കോടതിയില്‍ വ്യക്തമാക്കിയത്. ഇതു കോടതി തള്ളി. ഉടന്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിക്കാരായ ശിവസേനയുടെയും എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും ആവശ്യം.

കഴിഞ്ഞ വര്‍ഷം കര്‍ണാടക കേസില്‍ സ്വീകരിച്ച നിലപാട് തന്നെയാണ് സുപ്രീംകോടതി ഇക്കാര്യത്തിലും സ്വീകരിച്ചത്. കര്‍ണാടകയില്‍ ബി.എസ്. യെഡിയൂരപ്പയ്ക്ക് ഗവര്‍ണര്‍ വാജുഭായ് വാല 15 ദിവസം അനുവദിച്ചപ്പോള്‍, കോടതി അത് ഒരു ദിവസമായി കുറച്ചിരുന്നു. കോടതി നേരത്തെ പലപ്പോഴും സമയം വെട്ടിക്കുറച്ചിട്ടുണ്ടെന്ന് ഇന്നലെ ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *