വനിതാ എം.പിക്കെതിരായ ആക്രമണം ജനാധിപത്യത്തിനേറ്റ കളങ്കം : മുല്ലപ്പള്ളി

തിരുവനന്തപുരം: രമ്യ ഹരിദാസ് ഉൾപ്പടെയുള്ള വനിതാ എം.പിമാരെ പുരുഷ വാച്ച് ആന്‍റ് വാർഡ് അംഗങ്ങൾ പാർലമെന്‍റിൽ വെച്ച് ആക്രമിച്ചത് ജനാധിപത്യത്തിനേറ്റ കളങ്കമെന്ന് കെ.പി.സി.സി.പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

ഇന്ത്യ ഫാസിസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിന് ഉദാഹരണമാണ് പാർലമെന്‍റിലെ ഈ സംഭവം. പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്. മുഴുവൻ ജനാധിപത്യ വിശ്വസികളും ഇതിനെതിരെ പ്രതികരിക്കാൻ തയാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

എം.പി.മാർക്ക് അഭിപ്രായം രേഖപ്പെടുത്താനും പ്രതിഷേധിക്കാനുമുള്ള അവകാശമാണ് മോദി സർക്കാർ അടിച്ചമർത്തുന്നത്. ജനാധിപത്യത്തിന് ഭൂഷണമല്ലാത്ത ഈ നടപടി അംഗീകരിക്കാനാവുന്നതല്ല. ഇന്ത്യൻ പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ മഹത്വം ബി.ജെ.പി ഇല്ലാതാക്കി. രാഷ്ട്രപതി ഭവനെ ചരിത്രത്തിലാദ്യമായി ബി.ജെ.പി കുതിരക്കച്ചവടത്തിന് വേദിയാക്കിയെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇതിനെതിരെ പ്രതികരിക്കാൻ തയാറായില്ലായെങ്കിൽ ചരിത്രം നമുക്ക് മാപ്പ് തരില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *