വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് സംസ്ഥാന സര്‍ക്കാരിനു കൈമാറാൻ ഉത്തരവ്

കോട്ടയം: വെള്ളൂർ എച്ച്എൻഎൽ (ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ്) ഫാക്ടറി സംസ്ഥാന സര്‍ക്കാരിനു കൈമാറാൻ ഉത്തരവ്. ദേശീയ കമ്പനി നിയമ ട്രൈബ്യൂണലാണ് ഉത്തരവിട്ടത്.

കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിന്റെ എതിർപ്പ് തള്ളിയാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. 25 കോടി രൂപ നൽകി മൂന്നു മാസത്തിനകം കമ്പനി സർക്കാരിന് ഏറ്റെടുക്കാം.

എച്ച്എൻഎല്ലിനു കേരളം നിശ്ചയിച്ച 25 കോടി രൂപ തുച്ഛമായ തുകയാണെന്നു നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ ഹിയറിങ്ങിൽ അറിയിച്ചിരുന്നു. എന്നാൽ ഈ തുകയ്ക്കു തന്നെ ഫാക്ടറി കൈമാറാൻ ട്രൈബ്യൂണൽ ഉത്തരവിടുകയായിരുന്നു. കൂടുതൽ മികച്ച വിലയ്ക്ക് എച്ച്എൻഎൽ ഏറ്റെടുക്കാൻ കമ്പനികൾ തയാറാണെന്നാണു കേന്ദ്ര ഘന വ്യവസായ മന്ത്രാലയത്തിന്റെ നിലപാട്. കേരളം സമർപ്പിച്ച 25 കോടി രൂപയുടെ പാക്കേജാണ് ഏറ്റവും മികച്ചതെന്ന് ഔദ്യോഗിക ലിക്വിഡേറ്റർ റിപ്പോർട്ട് നൽകിയിരുന്നു. എച്ച്എൻഎൽ ഏറ്റെടുക്കാൻ കേരളം പദ്ധതി തയാറാക്കിയാൽ എല്ലാ പിന്തുണയും നൽകാമെന്ന് നേരത്തേ ഘന വ്യവസായ മന്ത്രാലയം ഉറപ്പു നൽകിയിരുന്നു. തുടർന്ന് ട്രൈബ്യൂണലിൽ നടത്തിയ ഹിയറിങ്ങുകളിലും മന്ത്രാലയം അനുകൂല നിലപാട് എടുത്തു. എന്നാൽ അന്തിമ ഹിയറിങ്ങിൽ അപ്രതീക്ഷിതമായി കേന്ദ്രം നിലപാട് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *