മഹാരാഷ്ട്രയിൽ ശിവസേന, എൻസിപി, കോൺഗ്രസ് കക്ഷികളുടെ ശക്തിപ്രകടനം

മുംബൈ: മഹാരാഷ്ട്രയിലെ ഹോട്ടലിൽ എംഎൽഎമാരെ അണിനിരത്തി ശിവസേന, എൻസിപി, കോൺഗ്രസ് കക്ഷികളുടെ ശക്തിപ്രകടനം.

‘ലോങ് ലിവ് മഹാവികാസ് അഘാഡി’ മുദ്രാവാക്യം വിളികളോടെയാണ് എംഎല്‍എമാർ ഹോട്ടലിലെത്തിയത്. മുംബൈയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ തിങ്കളാഴ്ച വൈകിട്ട് ഏഴു മണിക്കുശേഷമാണ് ശിവസേന, എന്‍സിപി, കോൺഗ്രസ് കക്ഷികളുടെ എംഎൽ‌എമാർ അണിനിരന്നത്.

162 പേർ‌ ഒപ്പമുണ്ടെന്ന് മഹാസഖ്യത്തിന്റെ നേതാക്കൾ അവകാശപ്പെട്ടു. 162 അല്ല അതിനും മുകളിൽ ആൾക്കാരുണ്ടെന്ന് കോൺഗ്രസ് നേതാവ് അശോക് ചവാൻ പ്രതികരിച്ചു. ഞങ്ങളെല്ലാവരും മഹാരാഷ്ട്ര സർക്കാരിന്റെ ഭാഗമാകും. ബിജെപിയെ തടയാൻ ഇങ്ങനെയൊരു സഖ്യത്തിന് അനുമതി നൽകിയ സോണിയ ഗാന്ധിക്കു നന്ദി പറയുകയാണ്. സർക്കാർ ഉണ്ടാക്കാൻ ഗവർണർ ക്ഷണിക്കണമെന്നും അശോക് ചവാൻ ആവശ്യപ്പെട്ടു.

കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ, ശിവസേന നേതാക്കളായ ഉദ്ധവ് താക്കറെ, മകൻ ആദിത്യ താക്കറെ, എൻസിപി നേതാക്കളായ ശരദ് പവാർ, സുപ്രിയ സുളെ ഉൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് എംഎൽഎമാർ ഹോട്ടലിൽ ഒരുമിച്ചത്. മഹാരാഷ്ട്രയിൽ എല്ലാവരും ഒന്നാണെന്നും ഒരുമിച്ചാണെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് വ്യക്തമാക്കി.

ശിവസേന, എൻസിപി, കോണ്‍ഗ്രസ് കക്ഷികളിലെ 162 എംഎൽഎമാരെയും ഒരുമിച്ചു കാണാമെന്നും മഹാരാഷ്ട്ര ഗവർണർക്കു നേരിട്ടുവന്ന് എല്ലാം കാണാമെന്നും സഞ്ജയ് റാവുത്ത് പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *