ഷെഹ്‌ല ഷെറിന്റെ വീട്ടിലെത്തി വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് മാപ്പുപറഞ്ഞു

കൽപ്പറ്റ: വയനാട് ബത്തേരിയിൽ പാമ്പു കടിയേറ്റു മരിച്ച അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹ്‌ല ഷെറിന്റെ കുടുംബത്തോട് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് മാപ്പുപറഞ്ഞു. ഷെഹ്‌ല ഷെറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടാണ് മാപ്പുപറഞ്ഞത്.

മന്ത്രി വി.എസ്. സുനിൽ കുമാറിനൊപ്പമാണ് രവീന്ദ്രനാഥ് ഷെഹ്‍ലയുടെ വീട്ടിലെത്തിയത്. ഷെഹ്‌ലയുടെ പിതാവിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച മന്ത്രി പിതാവിൽ നിന്നും കുടുബാംഗങ്ങളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഒരു കുട്ടിക്കും ഇത്തരമൊരു ഗതികേട് വരരുതെന്നും പറഞ്ഞു.

ഷെഹ്‌ലയുടെ വീട് സന്ദർശിച്ച ശേഷം ഷെഹ്‌ല പഠിച്ചിരുന്ന സർവജന സ്കൂളിലും മന്ത്രിമാർ സന്ദർശനം നടത്തി. കൽപ്പറ്റയിലും ബത്തേരിയിലുമായി മന്ത്രിമാർക്കു നേരെ വിവിധ യുവജന സംഘടനകളുടെ വ്യാപക പ്രതിഷേധം ഉണ്ടായി. ബത്തേരിയിൽ യുവ മോർച്ചയും യൂത്ത് കോൺഗ്രസും കൽപ്പറ്റയിൽ എംഎസ്എഫും മന്ത്രിമാർക്കെതിരെ കരിങ്കൊടി കാണിച്ചു. ഡിഡി ഓഫീസിലേക്ക് എംഎസ്എഫ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.

കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സർവജന സ്കൂളിന്റെ നവീകരണത്തിനായി 2 കോടി രൂപ കൂടി അനുവദിക്കുമെന്നും സന്ദർശനത്തിനു ശേഷം മന്ത്രി അറിയിച്ചു. നേരത്തെ ഒരു കോടി രൂപ സ്കൂളിന്റെ നവീകരണത്തിനായി അനുവദിച്ചിരുന്നു. വയനാട്ടിലെ എല്ലാ സ്കൂളുകളും സുരക്ഷിതമാണോയെന്ന് പരിശോധിക്കും. വിഴ്ച കണ്ടെത്തിയാൽ ഇനിയും ശക്തമായ നടപടി ഉണ്ടാകുമെന്നും സ്കൂൾ സന്ദർശിച്ച ശേഷം മന്ത്രി അറിയിച്ചു. കുട്ടിക്ക് പാമ്പുകടിയേറ്റ ക്ലാസ് മുറിയിലും മന്ത്രിമാർ എത്തി. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അധ്യാപകരിൽ നിന്നും വിശദീകരണമെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *