അജിത് പവാറിനെ എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തുനിന്നും നീക്കി

മുംബൈ: എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തുനിന്നും അജിത് പവാറിനെ നീക്കി. മുംബൈയിലെ വൈ.ബി. ചവാൻ സെന്ററിൽ ചേർ‌ന്ന എൻസിപി നിയമസഭാകക്ഷി യോഗത്തിലാണു തീരുമാനം.

ജയന്ത് പാട്ടീലിനാണു ചുമതല. പാർട്ടിയുടെ 50 എംഎൽഎമാരാണു യോഗത്തിൽ‌ പങ്കെടുത്തത്. അജിത് പവാറുൾപ്പെടെ 4 എൻസിപി എംഎൽഎമാർ യോഗത്തിൽ പങ്കെടുത്തില്ല.

നിയമസഭാംഗങ്ങളെയെല്ലാം മുംബൈയിലെ ഹോട്ടലിൽ‌ തന്നെ താമസിപ്പിക്കാനാണു തീരുമാനം. അതേസമയം 35 എംഎല്‍എമാർ തനിക്കൊപ്പമുണ്ടെന്ന് അജിത് പവാർ അവകാശപ്പെട്ടു. ബിജെപിയെ പിന്തുണയ്ക്കുന്ന ഒൻപ‌ത് എൻസിപി എംഎൽഎമാരെ ഡൽഹിയിലേക്കു മാറ്റുമെന്നാണു വിവരം.

വിശ്വാസ വോട്ടെടുപ്പു പരിഗണിച്ച് കോൺഗ്രസ് നിയമസഭാംഗങ്ങളെയും റിസോർട്ടുകളിലേക്കു മാറ്റും. മധ്യപ്രദേശിലേക്കാണ് കോൺഗ്രസ് എംഎല്‍എമാരെ കൊണ്ടുപോകുക.

ബിജെപിയു‌‌ടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മഹാരാഷ്ട്രയിലെ കറുത്ത ദിനമാണ് ഇതെന്നും നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ പ്രതികരിച്ചു. അതിരാവിലെ എല്ലാം പെട്ടെന്നു ചെയ്തുകൂട്ടുകയായിരുന്നു. എവിടെയോ എന്തൊക്കെയോ ശരിയല്ല. ഇതിനേക്കാൾ ലജ്ജാകരമായി മറ്റൊന്നുമില്ല. വിശ്വാസവോട്ടെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്ന ഉത്തമവിശ്വാസമുണ്ടെന്നും അഹമ്മദ് പട്ടേല്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *