കൊടുംകുറ്റവാളിയെ വർക്കല പൊലീസ് പിടികൂടി

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി അമ്പതിലധികം കവർച്ചാകേസുകളിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചകേസിലും മാലപൊട്ടിക്കൽ കേസുകളിലും പ്രതിയായ കൊടുംകുറ്റവാളിയെ വർക്കല പൊലീസ് പിടികൂടി.

വർക്കല വെട്ടൂർ ആശാൻമുക്ക് വയലിൽ വീട്ടിൽ അബുത്താലിബാണ് (30) പിടിയിലായത്. കഴിഞ്ഞ പന്ത്രണ്ടുവർഷമായി തിരുവനന്തപുരം ,കൊല്ലം ജില്ലകളിൽ ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയാകുകയും കഴിഞ്ഞ അഞ്ചുവർഷമായി ഒളിവിൽ കഴിയുകയും ചെയ്ത ഇയാളെ ഒളിത്താവളമായ കണ്ണൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്.  അമ്പതിലധികം കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.

കാർ, പിക്കപ്പ് വാൻ, ബുള്ളറ്ര് വാഹനങ്ങൾ മോഷ്ടിച്ച കേസുകളും ഇയാൾക്കെതിരെയുണ്ട്. കൊല്ലം , തിരുവനന്തപുരം ജില്ലകളിലെ വിവിധ കോടതികളിലായി 35 വാറന്റ് കേസുകളിലും പ്രതിയാണ്. കണ്ണൂരിൽ പ്ളാസ്റ്റിക് കമ്പനി ജീവനക്കാരനായി ഒളിവിൽ കഴിയുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസെത്തിയപ്പോഴേക്കും അവിടെ നിന്ന് കോട്ടയം ഏറ്റുമാനൂരിലേക്ക് കടന്ന ഇയാളെ സി.ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു.

റൂറൽ എസ്.പി ബി. അശോകന്റെ നിർദേശാനുസരണം ഡിവൈ.എസ്. പി കെ.എ വിദ്യാധരൻ, എസ്.ഐ ശ്യാം.എം.ജി എ.എസ്.ഐ ഷാബു, നവാസ്, എസ്. സി.പി ഒ മാരായ ബിജു, ഷെമീർ, ഹരീഷ്, സെബാസ്റ്റ്യൻ, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *