പിഎസ് രാജൻ കേരള ബാങ്ക് സിഇഒ

തിരുവനന്തപുരം: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍ മാനേജരായ പിഎസ് രാജനെ കേരള ബാങ്ക് സിഇഒ ആയി നിയമിക്കാന്‍ തീരുമാനം. തിരുവനന്തപുരത്ത് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കെഎസ് ടിപി പ്രൊജക്ട് ഡയറക്ടറായ രാജമാണിക്യത്തിന് കെഎസ്ഐഡിസി  എംഡിയുടെ അധിക ചുമതല നല്‍കാനും തീരുമാനമായി.

കേരള വാട്ടര്‍ അതോറിറ്റി എംഡി എം കൗശിഗനെ ലാന്‍റ് ബോര്‍ഡ് സെക്രട്ടറിയായി മാറ്റി നിയമിക്കും. ലാന്‍റ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ അധിക ചുതമല കൂടി ഇദ്ദേഹം വഹിക്കും. ജലവിഭവ സെക്രട്ടറി ഡോ. ബി അശോകിന് കേരള വാട്ടര്‍ അതോറിറ്റി എംഡിയുടെ അധിക ചുമതല നല്‍കും.

ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ട്രഡീഷണല്‍ നോളജ് ഇന്നവേഷന്‍ കേരളയില്‍ 8 താല്‍ക്കാലിക തസ്തികകള്‍ സ്ഥിരം തസ്തികകളാക്കാന്‍ തീരുമാനിച്ചു. ഹൈക്കോടതി സ്പെഷ്യല്‍ ഗവ. പ്ലീഡര്‍  സി.എം. നാസറിന്‍റെ നിയമന കാലാവധി 14-11-2019 മുതല്‍ ദീര്‍ഘിപ്പിച്ചു നല്‍കും.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണം സംബന്ധിച്ച് ധനകാര്യ വകുപ്പ് 2016-ല്‍ പുറപ്പെടുവിച്ച ഉത്തരവിന്‍റെ ആനുകൂല്യം കെടിഡിസിയിലെ സര്‍ക്കാര്‍ അംഗീകൃത തസ്തികകളിലെ ജീവനക്കാര്‍ക്ക് ബാധകമാക്കാന്‍ തീരുമാനിച്ചു. കേരള കെട്ടിട നിര്‍മാണ തൊഴിലാളി ബോര്‍ഡിന്‍റെ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ഒരു അഡീഷണല്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *