കൊച്ചി വിമാനത്താവളം: ഇന്ന് മുതൽ പകൽ 8 മണിക്കൂർ സർവീസില്ല

നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരണം ഇന്ന് മുതൽ. ഇതിന്റെ ഭാഗമായി രാവിലെ 10 മുതൽ വൈകിട്ട് 6 വരെ വിമാനസർവീസുകളുണ്ടാകില്ല. 151 കോടി രൂപ ചെലവു വരുന്ന നവീകരണ പ്രവർത്തനങ്ങൾ മാർച്ച് 28 വരെ തുടരും.

10 വർഷം കൂടുമ്പോൾ നടത്തുന്ന റൺവേ നവീകരണമാണിപ്പോൾ നടക്കാൻ പോകുന്നത്. 1999ൽ പ്രവർത്തനമാരംഭിച്ച വിമാനത്താവളത്തിലെ റൺവേ 2009ൽ ഇത്തരത്തിൽ നവീകരിച്ചിരുന്നു. 3400 മീറ്റർ നീളവും 60 മീറ്റർ വീതിയുമാണ് റൺവേയ്ക്കുള്ളത്. ടാക്സിവേ ഉൾപ്പെടെ 5 ലക്ഷം ചതുരശ്ര മീറ്റർ പ്രദേശത്താണ് റീടാറിങ്. ഓരോ ദിവസവും റീടാറിങ് നടക്കുന്ന സ്ഥലം അന്നു തന്നെ വൈകിട്ടോടെ സർവീസിനു സജ്ജമാക്കും.

റൺവേ നവീകരണം പൂർത്തിയാക്കുന്നതോടൊപ്പം തന്നെ കൊച്ചി വിമാനത്താവളത്തിലെ റൺവേ ലൈറ്റിങ് സംവിധാനം കാറ്റഗറി മൂന്നിലേക്ക് ഉയരും. നിലവിൽ കാറ്റഗറി 1 ലൈറ്റിങ് സംവിധാനം. റൺവേയിൽ 30 മീറ്റർ അകലത്തിലാണ് ലൈറ്റുകൾ. കാറ്റഗറി നിലവാരമുയർത്തുന്നതിനായി ലൈറ്റുകൾ തമ്മിലുള്ള അകലം 15 മീറ്റർ ആയി കുറയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *