സ്കൂളിന് വീഴ്ച പറ്റി; ശക്തമായ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

ബത്തേരി: സുൽത്താൻ ബത്തേരിയിലെ ഗവ. സ‍ർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർ‌ത്ഥിനി ഷെഹ്‌ല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ സ്കൂളിന് വീഴ്ച പറ്റിയതായി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വാർത്താസമ്മേളനത്തിൽപറഞ്ഞു.

വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിച്ചത് കുറ്റകരമായ വീഴ്ചയാണ്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ആരോപണവിധേയനായ അധ്യാപകനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടതായും കുറ്റക്കാരായ എല്ലാവർക്കുമെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

സ്‌കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള നടപടിയെടുക്കുമെന്നും ശനിയാഴ്ച കുട്ടിയുടെ വീട് സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾവികസനത്തിനായി ഒരു കോടി രൂപ നൽകിയിരുന്നെന്നും മന്ത്രി വ്യക്തമാക്കി.

പെൺകുട്ടി മരിക്കാനിടയായ സംഭവത്തില്‍ കുറ്റകരമായ അനാസ്ഥ സ്‌കൂളധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വൈദ്യസഹായം ലഭ്യമാക്കുന്നതിൽ വീഴ്ചവരുത്തിയതായി വ്യക്തമായിട്ടുണ്ട്. ഇതിൽ ശക്തമായ നടപടിയുണ്ടാകും. ക്ലാസ് മുറിക്കുള്ളിൽ ചെരിപ്പിടാൻ പാടില്ലെന്ന നിർദേശം വിദ്യാഭ്യാസവകുപ്പ് നല്‍കിയിട്ടില്ല. ഈ സ്‌കൂളിൽ എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് പരിശോധിക്കും. ഇത്തരം നടപടികൾ ഒരിക്കലും ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ സ്‌കൂളിന് ഒരു കോടി രൂപ സർക്കാർ അനുവദിച്ചിരുന്നതാണ്. നിലവിലുള്ള കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയുന്നതിനാണ് ഈ തുക നൽകിയിരുന്നതെന്നാണ് മനസുലാക്കുന്നത്. ഇവിടെ പുതിയ കെട്ടിടത്തിന്റെ പണി വേഗത്തിൽ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ക്ലാസ് മുറികളിലെ കുഴികള്‍ അടയ്ക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *