വിദ്യാർത്ഥിനി പാമ്പ് കടിച്ച് മരിച്ച സംഭവത്തിൽ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു

ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിലെ സർവ്വജന ഹൈസ്‌കൂൾ വിദ്യാർത്ഥിനി ഷഹല ഷെറീൻ പാമ്പ് കടിച്ച് മരിച്ച സംഭവത്തിൽ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു. യു.പി സ്‌കൂളിലെ സയൻസ് അദ്ധ്യാപകനായ ഷജിലിനെയാണ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇബ്രാഹിം തോണിക്കര സസ്‌പെൻഡ് ചെയ്തത്.

പ്രാഥമികാന്വേഷണം നടത്തിയ ശേഷം കുട്ടിയെ രക്ഷിക്കുന്നതിൽ വീഴ്ച പറ്റിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് അദ്ധ്യാപകനെതിരെ നടപടിയെടുത്തത്. അതിനിടെ സ്‌കൂളിലെ സ്റ്റാഫ് റൂം പൂട്ടി അതിനകത്ത് ഇരിക്കുകയായിരുന്ന അദ്ധ്യാപകർക്കെതിരെ നാട്ടുകാർ ആക്രമണത്തിന് തുനിഞ്ഞു.

സ്റ്റാഫ് മുറിയുടെ പൂട്ട് കല്ലുകൊണ്ട് ഇടിച്ച് തകർത്താണ് നാട്ടുകാർ അകത്ത് കടന്നു അദ്ധ്യാപകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാതിരുന അദ്ധ്യാപകൻ മുറിയുടെ അകത്തുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. ഈ അദ്ധ്യാപകൻ പുറകുവശത്ത് കൂടി മുറിയുടെ പുറത്തേക്ക് ഇറങ്ങിയോടിയെന്നും നാട്ടുകാർ പറഞ്ഞു. സംഭവസമയത്ത് സ്‌കൂളിലെ പ്രധാനാദ്ധ്യാപകനും മറ്റ് മൂന്ന് അദ്ധ്യാപകരുമാണ് സ്റ്റാഫ് മുറിയിൽ ഉണ്ടായിരുന്നത്. ഒടുവിൽ പൊലീസെത്തിയാണ് നാട്ടുകാരെ നിയന്ത്രിച്ചത്.

ഒടുവിൽ ഷഹലയുടെ കാലിൽ നീലനിറം കണ്ടതോടെയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ അദ്ധ്യാപകർ തയാറായത്. അപ്പോഴേക്കും പാമ്പ് കടിച്ച് ഒരു മണിക്കൂർ കഴിഞ്ഞിരുന്നു. തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് കുട്ടിയെ ആദ്യം എത്തിച്ചത്. അപ്പോഴേക്കും ഷഹല വല്ലാതെ തളർന്നിരുന്നു. ആശുപത്രിയിൽ പീഡിയാട്രിക് വെന്റിലേറ്റർ സൗകര്യം ഇല്ലാതിരുന്നതിനാൽ കുട്ടിയെ വൈത്തിരി താലൂക്ക് ആശുപത്രിയിലും കൊണ്ടുപോയി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ട് പോകും വഴിയാണ് കുട്ടി ജീവൻ വെടിഞ്ഞത്.

കുട്ടിക്ക് കടിയേറ്റിട്ടും ആശുപത്രിയിലെത്തിക്കാൻ അദ്ധ്യാപകൻ തയാറായില്ലെന്നും കുട്ടി തളർന്ന് കിടക്കുമ്പോഴും ഇയാൾ ക്‌ളാസെടുക്കുകയായിരുന്നു എന്നും ഷഹലയുടെ സഹപാഠികൾ പറഞ്ഞിരുന്നു. പാമ്പ് കടിച്ച വിവരം ഷഹല അറിഞ്ഞില്ലെന്നും ഷഹലയുടെ കാലിൽ മുറിപ്പാടുകൾ കണ്ടപ്പോൾ തന്നെ താൻ അദ്ധ്യാപകരോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും എന്നാൽ ഷഹലയുടെ അച്ഛൻ വന്നശേഷം ശേഷം അവളെ ആശുപത്രിയിൽ കൊണ്ടുപൊയ്ക്കോളും എന്നാണ് അദ്ധ്യാപകർ പറഞ്ഞതെന്നാണ് ഷഹ്‌ലയുടെ സഹപാഠികൾ പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *