നാല് യുഡിഎഫ് എംഎല്‍എമാർക്കു ശാസന

തിരുവനന്തപുരം: സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ച സംഭവത്തിൽ നാല് യുഡിഎഫ് എംഎൽഎമാർക്ക് ശാസന. റോജി എം.ജോൺ, ഐ.സി.ബാലകൃഷ്ണൻ‌, അൻവർ സാദത്ത്, എൽദോസ് പി. കുന്നപ്പിള്ളി എന്നിവർക്കാണ് ശാസന.

ചട്ടപ്രകാരമാണ് നടപടിയെന്നു സ്പീക്കർ അറിയിച്ചു. സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ഷാഫി പറമ്പിൽ എംഎൽഎയെ പൊലീസ് തല്ലിയതിൽ പ്രതിഷേധിച്ചാണ് എംഎൽഎമാർ ഡയസിലേക്ക് കയറിയത്.

ഇവർ ഡയസിൽ പാഞ്ഞുകയറി നിയമസഭ നടത്താൻ അനുവദിച്ചില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. നടപടി ജനാധിപത്യ ബോധത്തോടെ അംഗീകരിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. നടപടി കക്ഷി നേതാക്കളുടെ യോഗത്തെ അറിയിച്ചില്ലെന്ന ആരോപണവുമായി പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചു. ഒ. രാജഗോപാല്‍ പറഞ്ഞിട്ടാണ് സ്പീക്കര്‍ നടപടി എടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ കടുത്ത വാഗ്വാദമാണ് ഉണ്ടായത്.

ഷാഫി പറമ്പിലിനെ മർദിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.  അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടർന്നാണ് പ്രതിപക്ഷം‌ ചോദ്യോത്തരവേള ബഹിഷ്കരിച്ചത്. നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്. സംഭവത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *