പാലാരിവട്ടം പാലം: ബല പരിശോധന നടത്തണമെന്ന് സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ ബലപരിശോധന നടത്തണമെന്ന് സർക്കാരിനോട് ഹൈക്കോടതി. തുടർന്നു മാത്രമേ പാലം പൊളിച്ചു പണിയുന്നത് ഉൾപ്പടെയുള്ള തീരുമാനങ്ങൾ പരിഗണിക്കാവൂ എന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ബലപരിശോധനയ്ക്കുള്ള ചെലവ് നിർമ്മാണ കമ്പനി വഹിക്കണം. മൂന്നു മാസത്തിനകം പരിശോധന നടത്തി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. പാലാരിവട്ടം പാലത്തിന്റെ ബല പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് കോടതിയിലെത്തിയ വിവിധ ഹർജികൾ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർദേശം.

പാലം തുറന്നു കൊടുത്ത ശേഷം ബലക്ഷയം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ചെന്നൈ ഐഐടിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ അടക്കം നൽകിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അറ്റകുറ്റപ്പണിക്ക് നിർദേശം നൽകിയിരുന്നു. പാലത്തിന്റെ ഗ്യാരണ്ടി കാലാവധിയിൽ ആയിരുന്നതിനാൽ കമ്പനി ഉത്തരവാദിത്തം ഏറ്റെടുത്ത് അറ്റകുറ്റപ്പണി നടത്തിയിരുന്നു. അതുകൊണ്ടു തന്നെ പാലം ബലവത്തായിട്ടുണ്ട് എന്നാണ് വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലത്തിന്റെ ബലപരിശോധന നടത്തിയ ശേഷമേ പുനർ നിർമാണത്തിന് മുതിരാവൂ എന്ന് കോടതിയോട് ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി ബലപരിശോധന നടത്താൻ ഉത്തവിട്ടിരിക്കുന്നത്.

നിർമാണക്കമ്പനി അറ്റകുറ്റപ്പണികൾ നടത്തിയിട്ടുള്ളതിനാൽ ഏതു സമയത്തും തുറന്നുകൊടുക്കാവുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും പാലം ബലമുള്ളതാണെന്നു കണ്ടെത്തിയാൽ ഏതു സമയവും തുറന്നു കൊടുക്കുന്നതിന് തടസുമുണ്ടാകില്ലെന്നും ഹർജിക്കാർ കോടതിയിൽ ബോധിപ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *