ലോക പൈതൃകവാരത്തിന് തുടക്കം

ലോക പൈതൃകവാരത്തിന് തുടക്കം

ലോക പൈതൃകവാരത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം മ്യൂസിയം ഓഡിറ്റോറിയത്തില്‍ വി.കെ.പ്രശാന്ത് എം.എല്‍എ നിര്‍വഹിച്ചു.

നമ്മുടെ തനത് പൈതൃകത്തെ സംരക്ഷിക്കുന്നതോടൊപ്പം അവയുടെ മൂല്യം മനസിലാക്കി വരും തലമുറയ്ക്ക് കൈമാറുകയാണ് വേണ്ടതെന്ന് എം.എല്‍.എ പറഞ്ഞു. പൈതൃകവാരത്തോടനുബന്ധിച്ച്  വിവിധ പരിപാടികള്‍ നടക്കും. പ്രത്യേക പ്രദര്‍ശനം, സെമിനാര്‍, പ്രബന്ധരചന, പ്രശ്നോത്തരി, ചിത്രരചനാ മത്സരം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ നടക്കും. ചടങ്ങില്‍ തിരുവനന്തപുരം നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാളയം രാജന്‍ അധ്യക്ഷത വഹിച്ചു. മ്യൂസിയം മൃഗശാല ഡയറക്ടര്‍ എസ്.അബു സ്വാഗതവും ആര്‍ട്ട് മ്യൂസിയം സൂപ്രണ്ട് പി.എസ്.മഞ്ജുള ദേവി നന്ദിയും പറഞ്ഞു. ചിത്രകാരി എസ്. ഉമാമഹേശ്വരി, മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ ചന്ദ്രന്‍പിള്ള, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ കെ.ആര്‍ സോന, പുരാരേഖ വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍, സാംസ്‌കാരിക കാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ. ഗീത എന്നിവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 1242/2019)

വിദ്യാര്‍ഥികള്‍ ജീവിതത്തിലും എ പ്ലസ് നേടണം;
മന്ത്രി സി രവീന്ദ്രനാഥ്

വിദ്യാഭ്യാസത്തിലും ജീവിതത്തിലും എ പ്ലസ് കരസ്ഥമാക്കുന്ന തലമുറയെ സൃഷ്ടിക്കലാണ് പൊതു വിദ്യാഭ്യാസയജ്ഞത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. കാട്ടാക്കടയെ പൊതുവിദ്യാഭ്യാസ രംഗത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ മണ്ഡലമായി പ്രഖ്യാപിക്കുന്ന ചടങ്ങ് പ്ലാവൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് ഗുണപ്രദമാകുന്ന നിലയില്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മറ്റ് മണ്ഡലങ്ങള്‍ക്ക് കാട്ടാക്കട മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.

മൂന്നുകോടി രൂപ എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് നവീകരിക്കുന്ന പ്ലാവൂര്‍ സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു. കുട്ടികളുടെ ശാസ്ത്രസാങ്കേതിക കഴിവുകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച അടല്‍ ടിങ്കറിങ് ലാബിന്റെ ഉദ്ഘാടനം ഐ.ബി. സതീഷ് എം.എല്‍.എ നിര്‍വഹിച്ചു.

ഐ.ബി സതീഷ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ആര്‍. രമകുമാരി, കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്. അജിത,  വൈസ് പ്രസിഡന്റ് കെ. ശരത്ചന്ദ്രന്‍ നായര്‍, ജനപ്രതിനിധികള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി. മനോജ് കുമാര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ ജവാദ്.എസ് എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1240/2019)

എല്ലാ വീടുകളിലും ശുദ്ധജല പൈപ്പ്‌ലൈന്‍ ലക്ഷ്യം:
മന്ത്രി കെ.കൃഷ്ണന്‍കുട്ടി

സംസ്ഥാനത്തെ എല്ലാ വീടുകളിലും ശുദ്ധജല പൈപ്പ്‌ലൈന്‍ ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ സമ്പൂര്‍ണ്ണ ഗ്രാമീണ ശുദ്ധജലവിതരണ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആറ് ലക്ഷം വീടുകള്‍ക്ക് ശുദ്ധജലം ലഭ്യമാക്കി. ഒരു വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം വീടുകളില്‍കൂടി  ശുദ്ധജലം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുന്നത്തുകാല്‍ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുണ്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജല അതോറിറ്റി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അജയകുമാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നാരായണന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1241/2019)

വാക്ക് ഇന്‍ ഇന്റര്‍വ്യു

ജില്ലാ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സീകേജ് ഫാമിംഗ് പദ്ധതിയിലേക്ക് പ്രോജക്ട് അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. വി.എച്ച്.എസ്.സി ഫിഷറീസ് സയന്‍സ്/ ഫിഷറീസ് സയന്‍സിലുള്ള ബിരുദം/ ഹയര്‍ സെക്കന്ററിയും കൂട്ട് കൃഷിയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ നവംബര്‍ 27ന് രാവിലെ 11 മണിക്ക് മണക്കാട് പ്രവര്‍ത്തിക്കുന്ന ജില്ലാ മത്സ്യഭവന്‍ ഓഫീസിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2464076.
(പി.ആര്‍.പി. 1243/2019)

യെല്ലോ ലൈന്‍ ക്യാംപെയ്നു തുടക്കമായി

ജില്ലയിലെ വിദ്യാലായങ്ങളുടെ പരിസരം സമ്പൂര്‍ണ പുകയില വിമുക്തമാക്കുന്നതിനായി ആരംഭിച്ച യെല്ലോ ലൈന്‍ ക്യാംപെയ്ന്‍ എ.ഡി.എം വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. നവംബര്‍ 19 മുതല്‍ 25 വരെയാണ് ക്യാംപെയ്ന്‍ ആചരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാനപനങ്ങളുടെ 100 വാരം ചുറ്റളവില്‍ പുകയില ഉത്പനങ്ങള്‍ വില്‍ക്കുന്നത് ശിക്ഷാര്‍ഹമാണെന്നും ഈ പ്രദേശം പ്രത്യേക നിരീക്ഷണത്തിലായിരിക്കുമെന്നും എ.ഡി.എം പറഞ്ഞു.മുക്കോല സെന്റ് തോമസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീത പി.പി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കൃഷ്ണന്‍കുട്ടി നായര്‍, ഭക്ഷ്യ സുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ അലക്‌സ്, പ്രിന്‍സിപ്പല്‍ അന്നമ്മ ചെറിയാന്‍ എന്നിവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 1244/2019)

രജിസ്ട്രേഷന്‍ തിയതി നീട്ടി

മണ്‍പാത്ര ഉത്പന്ന നിര്‍മ്മാണ വിതരണ യൂണിറ്റുകളുടെ രജിസ്ട്രേഷന്‍ തിയതി ഡിസംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചതായി കളിമണ്‍ നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. നിലവില്‍ നിര്‍മാണ വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിഗത യൂണിറ്റുകള്‍ക്കും പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്കും സഹകരണ ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍ നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, അയ്യങ്കാളി ഭവന്‍, കവടിയാര്‍ പി ഒ, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം, 695003 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 27270110, 9947038770, www.keralapottery.org.
(പി.ആര്‍.പി. 1245/2019)

Leave a Reply

Your email address will not be published. Required fields are marked *