ജനുവരി മുതൽ എല്ലാ ക്ലാസ്റൂമുകളിലും ലൈബ്രറി

  • ‘സർഗ്ഗവായന സമ്പൂർണ വായന’ പദ്ധതിക്കു തുടക്കം
  • 10 ലക്ഷം പുസ്തകങ്ങൾ ശേഖരിക്കും

‘സർഗ്ഗവായന സമ്പൂർണ വായന’ പദ്ധതിക്കു തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുടക്കമായി. പൊതുവിദ്യാഭ്യാസ യജ്ഞത്തെ ശക്തിപ്പെടുത്തി സമ്പൂർണ ക്ലാസ്റൂം ലൈബ്രറി ജില്ലയായി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും ഒന്നുമുതൽ പന്ത്രണ്ടുവരെയുള്ള എല്ലാ ക്ലാസ് മുറികളിലും പദ്ധതിയുടെ ഭാഗമായി ലൈബ്രറി സജ്ജീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു പറഞ്ഞു. ജനുവരി ഒന്നുമുതൽ ലൈബ്രറികൾ പ്രവർത്തനം ആരംഭിക്കും. ജില്ലയിൽ 988 സ്‌കൂളുകളിലായി 10,601 ക്ലാസ് മുറികൾ നിലവിലുണ്ട്. ഇവയിൽ 7000 ക്ലാസ് മുറികളിൽ ലൈബ്രറി സജ്ജീകരിച്ചു കഴിഞ്ഞു. അടുത്തമാസം തന്നെ ബാക്കിയുള്ളവ സജ്ജീകരിക്കുമെന്നും ഇതിനായി 10 ലക്ഷം പുസ്തകങ്ങൾ ശേഖരിക്കുമെന്നും വി.കെ മധു പറഞ്ഞു.

പൊതുജന പങ്കാളിത്തത്തോടെ പുസ്തകങ്ങൾ ശേഖരിക്കുന്നതിനായി ജില്ലാതല കളക്ഷൻ സെന്റർ പട്ടത്തെ ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. ഇവിടെ അഞ്ച് ലക്ഷത്തോളം പുസ്തങ്ങൾ നിലവിൽ ലഭിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ 5000 പുസ്തകങ്ങൾ നൽകിയതായും ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ബാലാവകാശ കമ്മീഷൻ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരം: മന്ത്രി കെ.കെ ശൈലജ

കുട്ടികളുടെ സുരക്ഷയ്ക്കായി ബാലാവകാശ കമ്മീഷൻ നടത്തുന്ന ഇടപെടലുകൾ സ്വാഗതാർഹമെന്ന് ആരോഗ്യ-വനിത-ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജടീച്ചർ. സെന്റ് ജോസഫ് ഹയർസെക്കന്ററി സ്‌കൂളിൽ സാർവ്വദേശീയ ശിശുദിനാഘോഷം ഉദ്ഘ്ടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സ്വന്തം വീട്ടിൽ പോലും കുട്ടികൾ ആക്രമിക്കപ്പെടുകയാണ്. ഇതിനു മാറ്റം വരണം. അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ സുരക്ഷയ്ക്കായി മുന്നിട്ടിറങ്ങണമെന്നും എന്തു സഹായത്തിനും സർക്കാർ ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അവരുടെ പഠനസാഹചര്യം മെച്ചപ്പെടുത്തുന്നതിനുമായി സ്‌കൂളുകളിൽ മെന്റർമാരെ നിയമിക്കുമെന്നും ശിശുസൗഹൃദ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ പി. സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗങ്ങളായ ഫിലിപ്പ് പരക്കാട്ട്, നസീർ ചാലിയം, സി. ജെ ആന്റണി, എം.പി ആന്റണി, ശ്രീല മേനോൻ, സി. ബിജി ജോസ്, സെന്റ്‌ജോസഫ് സ്‌കൂൾ പ്രിൻസിപ്പാൾ പി ജെ വർഗീസ്, വിദ്യാർഥികൾ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *