നിയമസഭാ മാർച്ചിൽ സംഘർഷം; ഷാഫി പറമ്പിൽ എംഎൽഎയുടെ തലപൊട്ടി; സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സർവകലാശാലകളിലെ മാർക്കുദാന വിഷയത്തിൽ സുതാര്യ അന്വേഷണവും വാളയാർ കേസിൽ സിബിഐ അന്വേഷണവും ആവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. പൊലീസ് നടത്തിയ ലാത്തിചാർജിൽ ഷാഫി പറമ്പിൽ എംഎൽഎയുടെ തലയ്ക്കും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്തിന്റെ കൈയ്ക്കും പരുക്കേറ്റു.

തലപൊട്ടി ചോരയൊലിച്ചിട്ടും ഷാഫിയെ ആശുപത്രിയിലെത്തിക്കാതെ പൊലീസ് കസ്റ്റഡിയിലെടുത്തു എആർ ക്യാംപിലേക്കു കൊണ്ടുപോയത് വിവാദമായി.  പ്രതിപക്ഷ എംഎൽഎമാരുടെ പ്രതിഷേധത്തെ തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമാസക്തരായ പ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസ് രണ്ടു തവണ വീതം ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.  എംഎൽഎയെ കൂടാതെ കെ.എം.അഭിജിത്ത്, അബ്ദുൾ റഷീദ്, നവീൻ നൗഷാദ്, യദുകൃഷ്ണൻ, അഡാഫ്, സെയ്തലി , നൗഫൽ, ജോമോൻ, ജിഹാദ് എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

പാളയത്തു നിന്നാരംഭിച്ച മാർച്ച് നിയമസഭക്കു മുൻപിൽ പൊലീസ് തടഞ്ഞു. കെ.എസ് ശബരീനാഥ് എംഎൽഎ പ്രസംഗിച്ചു കൊണ്ടിരിക്കെ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമം നടത്തി. തുടർന്നു പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ടുതവണ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചതോടെ സമരക്കാർ കൊടികെട്ടിയ കമ്പുകളും കല്ലുകളും പൊലീസിനു നേരെ വലിച്ചെറിഞ്ഞു. പിന്നീട് എംജി റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തു വാഹനത്തിൽ കയറ്റി. ഈ വാഹനം ഒരു വിഭാഗം പ്രവർത്തകർ തടഞ്ഞതു വീണ്ടും സംഘർഷം സൃഷ്ടിച്ചു. വാഹനം തടഞ്ഞവരെ പൊലീസ് ക്രൂരമായി തല്ലി. ഇതു തടയാൻ ശ്രമിക്കുമ്പോഴാണ് ഷാഫിക്കും അഭിജിത്തിനും മർദ്ദനമേറ്റത്.

ലാത്തിചാർജിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്​യു നേതൃത്വം അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *