ട്രെയിനിൽ ഭക്ഷണത്തിന് വില വർദ്ധിപ്പിക്കാൻ റെയിൽവേ ബോർഡ്

ന്യൂഡൽഹി: ട്രെയിനിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് വില വർദ്ധിപ്പിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. കാറ്ററിംഗ് താരിഫ് നിരക്കിൽ വർദ്ധനവുണ്ടായതിനെത്തുടർന്നാണ് രാജഥാനി, ശതാബ്‌ദി, തുരന്തോ മെയിൽ ആൻഡ് എക്സ്പ്രസ് ട്രെയിനുകളിൽ ഭക്ഷണത്തിന് വില വ‌ർദ്ധിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്. കൃത്യമായ നിരക്ക് 15 ദിവസത്തിനുള്ളിൽ റെയിൽവേ സൈറ്റിൽ പ്രസിദ്ധീരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അതത് സംസ്ഥാനങ്ങളിൽ കിട്ടുന്ന നാടൻ ഭക്ഷണങ്ങളും മെനുവിൽ ഉൾപ്പെടുത്താൻ തീരുമാനമായി. ടിക്കറ്റെടുക്കുമ്പോൾത്തന്നെ യാത്രക്കാരന് ഭക്ഷണം തിരഞ്ഞെടുക്കാം. ഭക്ഷണം വേണ്ടെങ്കിൽ യാത്രാനിരക്കുമാത്രമേ ഈടാക്കുകയുള്ളൂ.

മെയിൽ, എക്സ്‌പ്രസ് തീവണ്ടികളിൽ 50 രൂപയായിരുന്ന ഉച്ചയൂണിന് 80 രൂപയായി. മുട്ടക്കറിയും ചോറുമാണെങ്കിൽ 55 രൂപയിൽനിന്ന് 90 രൂപയായി ഉയർന്നു. ചോറും കോഴിക്കറിയും എന്ന പുതിയ ഒരിനംകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് വില 130 രൂപ. കൂടുതൽ യാത്രക്കാർ ആവശ്യപ്പെടുന്ന ബിരിയാണിയും പുതിയ മെനുവിലുണ്ട്. വെജിറ്റബിൾ ബിരിയാണി-80 രൂപ, മുട്ട ബിരിയാണി-90 രൂപ, കോഴി ബിരിയാണി-110 രൂപ എന്നിങ്ങനെയാണ് നിരക്ക്. സമൂസ, പക്കവട, പഴംപൊരി തുടങ്ങി ലഘുഭക്ഷണപദാർഥങ്ങളല്ലാതെ, പട്ടികയിലില്ലാത്ത മറ്റൊരു ഭക്ഷണസാധനവും തീവണ്ടിയിൽ വിളമ്പരുതെന്ന കർശനനിർദേശവും റെയിൽവേ നൽകിയിട്ടുണ്ട്. ഈ സമ്പ്രദായം 120 ദിവസത്തിനുശേഷമേ പ്രാബല്യത്തിലാകൂ.

Leave a Reply

Your email address will not be published. Required fields are marked *