തീവ്രവാദികളെ പാകിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറണം: വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍

ന്യൂഡല്‍ഹി: തീവ്രവാദികളെ ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നുണ്ടെന്ന് പാകിസ്താന്‍ സമ്മതിച്ച കാര്യമാണെന്ന് വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍. ഇന്ത്യയുമായി സൗഹൃദബന്ധം സ്ഥാപിക്കാന്‍ പാകിസ്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ദാവൂദ് ഇഹ്രാഹിം, ഹാഫീസ് സയീദ് തുടങ്ങിയ തീവ്രവാദികളെയും കുറ്റവാളികളേയും കൈമാറണമെന്ന് വിദേശ കാര്യ മന്ത്രി പറഞ്ഞു.

പാകിസ്താന്‍ തീവ്രവാദ വ്യവസായം വികസിപ്പിച്ചെടുക്കുകയും അക്രമത്തിനായി ഇന്ത്യയിലേക്ക് തീവ്രവാദികളെ കയറ്റി അയക്കുകയും ചെയ്യുന്നതിനാല്‍ വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല. ഇക്കാര്യം പാകിസ്താന്‍ തന്നെ നിഷേധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദത്തെ പരസ്യമായി പിന്തുണക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ഒരു അയല്‍രാജ്യവുമായി സംസാരിക്കാനും ചര്‍ച്ച ചെയ്യാനും ഏത് രാജ്യമാണ് തയ്യാറാകുകയെന്നും ജയശങ്കര്‍ ചോദിച്ചു.

ഫ്രഞ്ച് പത്രമായ ലി മോന്‍ഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയശങ്കര്‍ ഇങ്ങനെ പറഞ്ഞത്. പാരീസ് സമാധാന ഫോറത്തില്‍ പങ്കെടുക്കുന്നതിനായാണ് വിദേശകാര്യ മന്ത്രി ഫ്രാന്‍സിലെത്തിയത്. ജമ്മു കാശ്മീര്‍ വിഷയവും അദ്ദേഹം അഭിമുഖത്തില്‍ പ്രതിപാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *