ശിവസേനയുമായി മുഖ്യമന്ത്രി പദം പങ്കുവയ്ക്കാമെന്ന് പറഞ്ഞിട്ടില്ല: അമിത് ഷാ

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയുമായി മുഖ്യമന്ത്രി പദം പങ്കുവയ്ക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. അന്ന് എതിർക്കാതിരുന്ന ശിവസേന ഇപ്പോൾ നിലപാടു മാറ്റുകയാണു ചെയ്തതെന്നും അമിത്ഷാ പറഞ്ഞു.

അമിത്ഷായുടെ വാക്കുകൾ ഇങ്ങനെ: ‘സഖ്യം വിജയിച്ചാൽ മഹാരാഷ്്ട്രയിൽ ദേവേന്ദ്ര ഫട്നാവിസ് തന്നെയായിരിക്കും മുഖ്യമന്ത്രി എന്ന് തിരഞ്ഞെടുപ്പിനു മുൻപുതന്നെ ഞാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരവധി തവണ പറഞ്ഞിട്ടുണ്ട്. അന്ന് ആരും അതിന് എതിരു പറഞ്ഞിട്ടില്ല. ഇപ്പോഴിതാ അവർ പുതിയ ആവശ്യങ്ങൾ മുന്നോട്ടു വയ്ക്കുന്നു. അത് ഞങ്ങൾക്ക് സ്വീകാര്യമല്ല’. മഹാരാഷ്ട്രയിൽ ബിജെപി–ശിവസേന സഖ്യം തകർന്നതിനു ശേഷമുള്ള അമിത്ഷായുടെ ആദ്യപ്രതികരണമാണിത്.

ശിവസേന സഖ്യം വിട്ടതിനെ അമിത് ഷാ അപലപിച്ചു. ഇത് ശരിയായ രീതി അല്ലെന്നും അടച്ച വാതിലിനു പിന്നിൽ നടക്കുന്ന ചർച്ചകൾ പരസ്യപ്പെടുത്തുന്നത് തങ്ങളുടെ പാർട്ടിയുടെ പാരമ്പര്യമല്ലെന്നും അമിത് ഷാ തുറന്നടിച്ചു. സഖ്യത്തിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നത് സഹതാപ തരംഗമുണ്ടാക്കാമെന്നു കരുതിയാണെങ്കിൽ ശിവസേനയ്ക്കു തെറ്റി. അവർക്ക് പൊതുജനത്തെ അറിയില്ലെന്നും അമിത്ഷാ കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ എല്ലാവർക്കും ആവശ്യത്തിനു സമയം നൽകി. ഇടക്കാല തിരഞ്ഞെടുപ്പിനോടു യോജിപ്പില്ലെന്നും അമിത്ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *