ദേശസുരക്ഷയിൽ ഗുരുതരമായ വീഴ്ച വരുത്തി: മുല്ലപ്പള്ളി രാമചന്ദ്രൻ

കണ്ണൂർ : കേരള പൊലീസിന്റെ ഡാറ്റാ സോഫ്റ്റ്‌വെയർ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കു നൽകിയ തീരുമാനത്തോടെ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയും ദേശസുരക്ഷയിൽ ഗുരുതരമായ വീഴ്ച വരുത്തിയിരിക്കുകയാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

പൊലീസിന്റെ സുപ്രധാന രഹസ്യങ്ങൾ സിപിഎമ്മിനു മാത്രമല്ല, വേണമെങ്കിൽ രാജ്യവിരുദ്ധ ശക്തികൾക്കു കൂടി ലഭിക്കുന്ന സാഹചര്യമാണുണ്ടായിരിക്കുന്നതെന്ന് മുല്ലപ്പള്ളി ആരോപിച്ചു. മുഖ്യമന്ത്രിക്ക് ഇതിന്റെ ഗൗരവം അറിയില്ലെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ പ്രവർത്തിച്ചു പരിചയമുള്ള ഡിജിപിക്ക് ഇതിന്റെ പ്രാധാന്യം അറിയാം. ശത്രുവിനെ സഹായിക്കുന്ന നിലയിലേക്ക് മുഖ്യമന്ത്രിയും ഡിജിപിയും എത്തി. ഇരുവരും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. ആപത്കരമായ പോക്കാണിത്.  സോഫ്റ്റ്‌വെയർ ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയതിനു പിന്നിൽ മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെ ഇടപെടലുണ്ടെന്നു സംശയിക്കണം. മുഖ്യമന്ത്രിയുടെ ഭാര്യാഗൃഹം സൊസൈറ്റിക്ക് സമീപമാണെന്ന കാര്യവും ഇതിനോടു കൂട്ടിച്ചേർക്കണം. കേരളത്തിലെ പൊലീസിനെ സിപിഎമ്മിന്റെ പോഷക സംഘടനയാക്കി മാറ്റുകയാണ് മുഖ്യമന്ത്രിയും ഡിജിപിയും. ആഭ്യന്തരവകുപ്പിന്റെ മൂന്നേ മുക്കാൽ വർഷത്തെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *