മഹാരാഷ്ട്രയിൽ സുസ്ഥിര സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി

മുംബൈ : മഹാരാഷ്ട്രയിൽ സുസ്ഥിരമായ സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി. സംസ്ഥാനത്ത് ഒരു കക്ഷിയും സർക്കാർ രൂപീകരിച്ചില്ലെന്നത് വളരെ നിർഭാഗ്യകരമാണ്. തിരഞ്ഞെടുപ്പിലൂടെ ജനവിധി വന്നശേഷമാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ കക്ഷികളും ഇതു ഗൗരവമായി കാണുമെന്നാണ് കരുതുന്നതെന്നും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു

സർക്കാർ രൂപീകരിക്കുന്നതിനായി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിൽ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നു ബിജെപി നേതാവ് നാരായണ റാണെ പറഞ്ഞു. കോൺഗ്രസ്– എൻസിപി സഖ്യത്തിനു സാധ്യതയില്ല. അവർ ശിവസേനയെ വി‍ഡ്ഢികളാക്കുകയാണെന്നും റാണെ പറഞ്ഞു. രാഷ്ട്രപതി ഭരണം അപ്രതീക്ഷിതമായിരുന്നെന്നു ബിജെപി കോർ കമ്മിറ്റി യോഗത്തിനു ശേഷം മുൻ ധനമന്ത്രി സുധീർ മുൻഗംടിവാർ പറഞ്ഞു. സർക്കാർ രൂപീകരണം സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ രൂപീകരിക്കുന്നതിനു ഇപ്പോഴും വിവിധ സാധ്യതകൾ തുറന്നുകിടക്കുകയാണെന്നു ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ പറഞ്ഞു. കോൺഗ്രസിനോടും എൻസിപിയോടും ആശയഭിന്നതയുണ്ട്. എങ്കിലും സഖ്യത്തിൽ തെറ്റില്ല. ദീർഘകാലം ശിവസേനയും ബിജെപിയും ഒരുമിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഇവരുമായും ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *