മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം

മുംബൈ : ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം. ഇതു സംബന്ധിച്ച വിജ്‍ഞാപനത്തിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ആറു മാസത്തേക്കാണ് രാഷ്ട്രപതി ഭരണം. ഇതിനിടെ, ബിജെപി, ശിവസേന, എൻസിപി എന്നിവയിലാർക്കെങ്കിലും ഭൂരിപക്ഷം തെളിയിക്കാനായാൽ സർക്കാർ രൂപീകരിക്കാനുള്ള തുടർനടപടികളിലേക്കു കടക്കാം.

രാഷ്ട്രപതി ഭരണത്തിനു ശുപാർശ ചെയ്തു റിപ്പോർട്ട് നൽകിയെന്നു സ്ഥിരീകരിച്ച് ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ ഓഫിസ് ട്വീറ്റ് ചെയ്തിരുന്നു. നിലവിൽ മറ്റു വഴികളില്ലെന്നു കാട്ടിയാണ് രാഷ്ട്രപതിക്ക് ഗവർണർ റിപ്പോർട്ട് നൽകിയത്. ഭരണഘടനയുടെ അനുച്ഛേദം 356 പ്രകാരമാണ് നടപടിക്ക് ഗവർണർ ശുപാർശ ചെയ്തത്.

സർക്കാർ രൂപീകരണത്തിനു 48 മണിക്കൂർ കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻസിപി ചൊവ്വാഴ്ച രാവിലെ ഗവർണർക്കു കത്തു നൽകിയിരുന്നു. സർക്കാർ രൂപീകരണം ചൊവ്വാഴ്ച സാധ്യമല്ലെന്ന് എൻസിപി അറിയിച്ചതായാണ് സൂചന. ആവശ്യം നിരസിച്ച ഗവർണർ, സർക്കാർ രൂപീകരണം സാധ്യമായില്ലെന്നു കാട്ടി രാഷ്ട്രപതി ഭരണത്തിനു ശുപാർശ ചെയ്തു റിപ്പോർട്ടു നൽകുകയായിരുന്നു.

ഇതേ തുടർന്ന് പ്രധാനമന്ത്രി വിളിച്ച അടിയന്തര കേന്ദ്ര മന്ത്രിസഭാ യോഗം രാഷ്ട്രപതി ഭരണം സംബന്ധിച്ച ശുപർശ അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീല്‍ സന്ദര്‍ശനത്തിന് ഇന്നു പുറപ്പെടുന്നതു കണക്കിലെടുത്താണ് അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *