കോൺഗ്രസുമായി സഖ്യത്തിനു മടിയില്ലെന്ന് ശിവസേന

ന്യൂഡൽഹി:  മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ  കോൺഗ്രസുമായി സഖ്യത്തിനു മടിയില്ലെന്ന് ശിവസേന. സംസ്ഥാനത്തു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിനു പിന്നാലെ വാർത്താ സമ്മേളനത്തിലാണ് സേനാ തലവൻ ഉദ്ധവ് താക്കറെ നിലപാടു വ്യക്തമാക്കിയത്.

ബിജെപിക്കെതിരെ കടുത്ത ഭാഷയിലാണ് ഉദ്ധവ് പ്രതികരിച്ചത്. മെഹബൂബ മുഫ്തിയുടെ പിഡിപിയുമായി ബിജെപിക്ക് ചേർന്നു പ്രവർത്തിക്കാമെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ സേന കോൺഗ്രസുമായി കൈകോർക്കുന്നതും സാധ്യമാണെന്ന് താക്കറെ പറഞ്ഞു.

‘കോൺഗ്രസിനും ശിവസേനയ്ക്കും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളാണെങ്കിലും ഞങ്ങൾക്ക് ഒരുമിച്ചു പ്രവർത്തിക്കാനാകും, ബിജെപി ചെയ്തതു പോലെ. ബിജെപി എങ്ങനെയാണ് നിതീഷ് കുമാറും റാംവിലാസ് പസ്വാനും പിഡിപിയും ചന്ദ്രബാബു നായിഡുവുമായുമൊക്കെ കൈകോർത്തത്. ഞങ്ങൾ ചർച്ച നടത്തുന്നുണ്ട്. പക്ഷേ ഒരു അഭിപ്രായ സമന്വയമുണ്ടാകാൻ കുറച്ചു സമയമെടുക്കുമെന്നു മാത്രം. ഞങ്ങളെയും ബിജെപിയെയും ഒരുമിപ്പിച്ചത് രാമക്ഷേത്രമാണ്. പക്ഷേ ശ്രീരാമൻ വാക്കു പാലിച്ചിരുന്നു. ഇപ്പോൾ രാഷ്ട്രീയം മറ്റൊരു ദിശയിലേക്കാണു പോകുന്നത്. അതിന് ആവശ്യമുള്ള സമയം കൊടുക്കണം.’ – താക്കറെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *