ഹൈദരാബാദ് കൊട്ടാരം ഉടമ അറിയാതെ 300 കോടിക്ക് വിറ്റു; പ്രതി അറസ്റ്റില്‍

മുംബൈ : ഹൈദരാബാദ് നിസാം ‘പള്ളിയുറങ്ങി’യ കൊട്ടാരം വ്യാജരേഖ ചമച്ച് 300 കോടി രൂപയ്ക്കു കശ്മീരിലുള്ള കമ്പനിക്കു മറിച്ചു വിറ്റു. പൈതൃക കെട്ടിടമായ നസ്രി ബാഗ് കൊട്ടാരമാണ് ഉടമസ്ഥരായ മുംബൈയിലെ നിഹാരിക ഇൻഫ്രാസ്ട്രക്ചർ അറിയാതെ മുൻജീവനക്കാരന്റെ നേതൃത്വത്തിൽ വിറ്റത്. തട്ടിപ്പു നടത്തിയ ഹൈദരാബാദ് സ്വദേശി സുന്ദരം കൊൽറുകുദ്രോ രവീന്ദ്രനെ (64) മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.

കൊട്ടാരത്തിന്റെ മുഖ്യ കെട്ടിടം സർക്കാരിന്റെ കൈവശമാണ്. കൊട്ടാരം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭാഗമാണ് വ്യാജരേഖ ചമച്ചു വിറ്റത്.  അന്വേഷണത്തിൽ രവീന്ദ്രനും കമ്പനിയിലെ മുൻ ജീവനക്കാരനായ സുരേഷ്‌കുമാറും ചേർന്നാണു വിൽപന നടത്തിയതെന്നു വ്യക്തമായി. ഇതു സംബന്ധിച്ച് ഇരുവരും തമ്മിൽ നടത്തിയ ഇമെയിൽ സന്ദേശങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. തട്ടിപ്പിൽ ഉൾപ്പെട്ട മുഹമ്മദ് ഉസ്മാൻ, മുകേഷ് ഗുപ്ത എന്നിവർക്കായി ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയിട്ടുണ്ട്.

100 വർഷം പഴക്കമുള്ള കെട്ടിടം നിഹാരിക ഇൻഫ്രാസ്ട്രക്ചർ വാങ്ങിയത് 3 വർഷം മുൻപാണ്. അടുത്തിടെ സ്ഥലം സന്ദർശിച്ചപ്പോഴാണ് കൊട്ടാരം തങ്ങളറിയാതെ കശ്മീരിലെ ഐറിസ് ഹോസ്പിറ്റാലിറ്റിക്കു വിറ്റത് കമ്പനി അറിയുന്നത്.

1967 ൽ നാടുനീങ്ങിയ നിസാം മിർ ഉസ്മാൻ അലി ഖാൻ ആണ് കൊട്ടാരത്തിൽ അവസാനം താമസിച്ച കിരീടാവകാശി.

Leave a Reply

Your email address will not be published. Required fields are marked *