ധനമന്ത്രി സമ്മതിച്ചു, സമ്പദ്‌വ്യവസ്ഥ വെല്ലുവിളി

ന്യൂഡൽഹി:  രാജ്യത്തെ സമ്പദ്‌വ്യവസ്ഥ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സാമ്പത്തിക വളർച്ച 6 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലായി ദിവസങ്ങൾ പിന്നിടുമ്പോഴാണ് ധനമന്ത്രിയുടെ പ്രസ്താവന.

ക്രിയ സർവകലാശാലയിലെ ഐഎഫ്എംആർ ഗ്രാജ്വേറ്റ് സ്‌കൂൾ ഓഫ് ബിസിനസ്സിന്റെ മേധാവി വി. അനന്ത നാഗേശ്വരനും ഗ്ലോബൽ ഇന്നൊവേഷൻ ഫണ്ടിലെ സീനിയർ മാനേജിങ് ഡയറക്ടർ ഗുൽസാർ നടരാജനും ചേർന്ന് രചിച്ച ‘ദ് റൈസ് ഓഫ് ഫിനാൻസ്: കോസസ്, കോൺസിക്വൻസസ്, ക്യുർ’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിനിടെയാണ് ധനമന്ത്രിയുടെ വാദം.

ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന മാന്ദ്യത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കിടെ, ഇന്ത്യ യഥാർഥത്തിൽ മാന്ദ്യത്തിലാണോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു നിർമല സീതാരാമൻ. രാജ്യം ഇപ്പോൾ വെല്ലുവിളി നിറഞ്ഞ സമയത്തെ നേരിടുകയാണെന്ന് അവർ പറഞ്ഞു.ആഗോള സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിൽ ഉപഭോക്തൃ ആവശ്യകതയും സ്വകാര്യ നിക്ഷേപവും മന്ദഗതിയിലായതിനാൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ജൂൺ പാദത്തിൽ ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനമായി കുറഞ്ഞിരുന്നു. ഇത് 2019-20 ലെ ഇന്ത്യയുടെ ജിഡിപി വളർച്ച വിവിധ ഡിഗ്രി കുറയ്ക്കാൻ പല ആഗോള ഏജൻസികളെയും പ്രേരിപ്പിച്ചു. ഒക്ടോബറിലെ ധനനയ അവലോകനത്തിൽ റിസർവ് ബാങ്ക് ഈ സാമ്പത്തിക വർഷത്തേക്കുള്ള സാമ്പത്തിക വളർച്ചാ പ്രവചനം നേരത്തെ 6.9 ശതമാനത്തിൽ നിന്ന് 6.1 ശതമാനമായി കുറച്ചിരുന്നു. 2019-20 ന്റെ രണ്ടാം പകുതിയിൽ ഇത് വീണ്ടെടുക്കുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *