മരട് ഫ്ലാറ്റുകൾ ജനുവരി 11,12 തീയതികളിൽ പൊളിക്കും

കൊച്ചി: മരടിൽ ചട്ടം ലംഘിച്ചു നിർമിച്ച ഫ്ലാറ്റുകൾ അടുത്ത വർഷം ജനുവരിയിൽ പൊളിക്കും. ജനുവരി 11,12 തീയതികളിലായി ഫ്ലാറ്റുകൾ പൊളിച്ചു നീക്കും. ചീഫ് സെക്രട്ടറി ടോം ജോസാണ് ഇക്കാര്യം അറിയിച്ചത്.

50 മീറ്റർ ചുറ്റളവിൽ അതീവ ജാഗ്രത പാലിച്ചാണു മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു മാറ്റുക. അപകട സാധ്യത ഏറ്റവും കൂടുതലുള്ള മേഖലയാണിത്. ഈ മേഖലയിലുള്ള വീടുകൾക്കു മുകളിൽ പ്രത്യേക ഷീറ്റുകൾ ഉൾപ്പെടെയുള്ളവ വിരിക്കാനാണു നീക്കം. പൊളിക്കാൻ കരാറെടുത്ത കമ്പനികൾ സംസ്ഥാന സർക്കാർ നിയോഗിച്ച സാങ്കേതിക വിദഗ്ധ സമിതിക്കു മുൻപാകെ ഇന്നലെ സ്ഫോടന പദ്ധതി വിശദീകരിച്ചു. 50 മീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങളുടെ സ്ട്രക്ചറൽ പഠനം സ്ഫോടനത്തിനു മുൻപും ശേഷവും നടത്തും.

ഫ്ലാറ്റിന്റെ വിവിധ നിലകളിൽ മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണു സ്ഫോടനം നടത്തുക. കെട്ടിടം ഒരുമിച്ചല്ല, ഘട്ടം ഘട്ടമായാണു ഭൂമിയിൽ പതിക്കുക. അതുകൊണ്ടു തന്നെ ഇതു ഭൂമിയിൽ സൃഷ്ടിക്കുന്ന ആഘാതം കുറവായിരിക്കും. സമീപ പ്രദേശങ്ങളെ ബാധിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സ്വീകരിച്ചതിനു ശേഷം മാത്രമേ സ്ഫോടനം നടത്തുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *