ജെഎൻയുവിൽ സംഘർഷം; വിദ്യാർഥികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി

ന്യൂഡൽഹി : ഹോസ്റ്റൽ നിരക്ക് 300 ശതമാനം വർധിപ്പിച്ചതിനെതിരെ ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥികൾ നടത്തിയ റോഡ് ഉപരോധം അവസാനിച്ചു.

ഫീസ് വർധനയ്ക്കെതിരെ (ഇന്നും) ചൊവ്വാഴ്ച സമരം ശക്തമായി തുടരുമെന്ന് വിദ്യാർഥി നേതാക്കൾ അറിയിച്ചു. വൈസ് ചാന്‍സലര്‍ നേരിട്ടെത്തി പ്രശ്നപരിഹാരത്തിന് മുന്‍കൈ എടുത്തില്ലെങ്കില്‍ ക്യാംപസ് അടച്ചിട്ട് പ്രതിഷേധിക്കാനാണ് വിദ്യാര്‍ഥിസംഘടനകളുടെ തീരുമാനം.

വിദ്യാർഥികളെ ബലം പ്രയോഗിച്ചു നീക്കാൻ പൊലീസ് ശ്രമം നടത്തിയതോടെ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച വിദ്യാർഥികളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. സമരത്തിൽ പങ്കെടുത്ത വിദ്യാർഥിനികളെ പുരുഷ പൊലീസുകാർ ബലം പ്രയോഗിച്ചു മാറ്റിയതാണ് പ്രതിഷേധത്തിന് ആക്കം കൂട്ടിയത്. ഹോസ്റ്റൽ നിരക്കു വർധന, ഡ്രസ് കോഡ് തുടങ്ങിയവയിൽ പ്രതിഷേധിച്ചു വിദ്യാർഥി യൂണിയൻ നടത്തിയ സമരമാണ് വൈസ് ചാൻസലർ മാമിദാല ജഗദീഷ് കുമാറിനെ കണ്ടു ചർച്ച നടത്തണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതിനെ തുടർന്നു അക്രമാസക്തമായത്. വിദ്യാർഥികൾ ബാരിക്കേഡുകൾ തകർത്തു. പിന്തുണയുമായി അധ്യാപകരും പ്രതിഷേധം തുടങ്ങിയതോടെ സമരം രൂക്ഷമായി.

വൻ പൊലീസ് സന്നാഹത്തെ കൂടാതെ അർധ സൈനികരും സമരക്കാരെ നേരിടാനായി സർവകലാശാലയിൽ എത്തി. വസന്ത് കുഞ്ചിലെ എഐസിടിഇ കേന്ദ്രത്തിലെ ബിരുദദാന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സംസാരിക്കവെയാണു ചടങ്ങ് ബഹിഷ്കരിച്ചു വിദ്യാർഥികൾ പ്രതിഷേധം കടുപ്പിച്ചത്. ബിരുദ ദാനച്ചടങ്ങിനെത്തിയ കേന്ദ്ര മാനവശേഷിമന്ത്രി രമേഷ് പൊഖ്രിയാല്‍ പ്രധാനഗേറ്റ് ഉപരോധിച്ചുള്ള വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ക്യാംപസില്‍ കുടുങ്ങി.

‘നേരത്തെ പ്രതിമാസം 2500 രൂപയാണ് അടച്ചിരുന്നത്. ഇപ്പോൾ 7000 രൂപ അടയ്ക്കണം. 300 ശതമാനത്തോളമാണു വർധന. ഞങ്ങളുടെ പ്രശ്നം കേൾക്കാനുള്ള സന്നദ്ധത കാണിക്കാത്തതിനാലാണു സമരം തുടങ്ങിയത്’– വിദ്യാർഥികൾ പറഞ്ഞു. ഡ്രസ് കോഡ്, സമയ നിയന്ത്രണം, ഹോസ്റ്റലിലെ പുതിയ നിയമങ്ങൾ തുടങ്ങിയവയിലും അസംതൃപ്തിയുണ്ടെന്നു സമരക്കാർ കൂട്ടിച്ചേർത്തു. ഹോസ്റ്റലിൽ ഒറ്റമുറിയുടെ വാടക ഇരുപതില്‍ നിന്ന് അറുന്നൂറിലേക്കും രണ്ട് പേര്‍ക്ക് താമസിക്കാവുന്ന മുറിയുടെ വാടക പത്തില്‍ നിന്ന് മുന്നൂറിലേക്കും മെസ്സിലെ സെക്യൂരിറ്റി ഡെപോസിറ്റ്(ഇത് പിന്നീട് മടക്കി നൽകും) പന്ത്രണ്ടായിരവുമാക്കിയാണ് വര്‍ധിപ്പിച്ചത്. മുപ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഫീസ് വര്‍ദ്ധിപ്പിച്ചതെന്നും മെസ് ഫീസ് അടയ്ക്കാതെ കുടിശ്ശിക വരുത്തുന്ന വിദ്യാര്‍ഥികളുടെയെണ്ണം കൂടിവരുന്നതുമാണ് സംഭവത്തില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ കേന്ദ്രസേനയെ അടക്കം ഉപയോഗിച്ച് സമരം അടിച്ചമര്‍ത്താനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

 

Leave a Reply

Your email address will not be published. Required fields are marked *