മഹാരാഷ്ട്ര: സർക്കാർ രൂപീകരണത്തിന് സേനയെ ക്ഷണിച്ച് ഗവർണർ

മുംബൈ:  മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ശിവസേനയെ ക്ഷണിച്ച് ഗവർണർ ഭഗത് സിങ് കോഷിയാരി. സർക്കാർ രൂപീകരിക്കുന്നില്ലെന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി അറിയിച്ചതിനു പിന്നാലെയാണ് രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ഗവർണർ ക്ഷണിച്ചത്. തിങ്കളാഴ്ച രാത്രി എഴരയ്ക്കകം മറുപടി നൽകാനാണ് ഗവർണറുടെ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ അടിയന്തര യോഗം വിളിച്ചു.

സംസ്ഥാനത്ത് ശിവസേന മുഖ്യമന്ത്രി തന്നെ ഉണ്ടാകുമെന്നു മുതിർന്ന നേതാവ് സഞ്ജയ് റാവുത്ത് എംപി പറഞ്ഞു. എന്തു വിലകൊടുത്തും ശിവസേന ഭരിക്കുമെന്നും റാവുത്ത് പറഞ്ഞു. അതേസമയം, സഖ്യത്തിനായി എൻസിപി ഉപാധികൾ മുന്നോട്ടുവച്ചു. എൻഡിഎ സഖ്യം വിടാതെ ചർച്ചയില്ലെന്ന് എൻസിപി അറിയിച്ചു.

അവസാനശ്രമത്തിലും ശിവസേന വഴങ്ങാത്ത സാഹചര്യത്തിലാണ് സർക്കാർ രൂപീകരിക്കുന്നതിൽ നിന്നും ബിജെപി പിന്മാറിയത്. സർക്കാർ രൂപീകരിക്കാനുള്ള അംഗബലമില്ലെന്നു കാവൽ മുഖ്യമന്ത്രിയും നിയമസഭാ കക്ഷി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഗവർണർ ഭഗത് സിങ് കോഷിയാരിയെ അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *