പി.എസ്.സി പരീക്ഷ: മൊബൈല്‍ ജാമറുകളും. സി സി ടി വി യും ഉൾപ്പെടെ പരീക്ഷാ കേന്ദ്രങ്ങളില്‍ വേണമെന്ന് ക്രൈംബ്രാഞ്ച്‌

തിരുവനന്തപുരം: പി എസ്.സിയുടെ നിലവിലെ പരീക്ഷാരീതി ക്രമക്കേടിന് വഴിവയ്ക്കുന്നുവെന്ന് ക്രൈംബ്രാ‍ഞ്ച്. മൊബൈല്‍ ജാമറുകളും. സി സി ടി വി യും ഉൾപ്പെടെ പരീക്ഷാ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമാക്കണമെന്നും ക്രൈംബ്രാഞ്ച് നിർദേശിച്ചു. പരീക്ഷാതട്ടിപ്പ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്‍റേതാണ് നിര്‍ദേശം.
പി എസ് സി പരീക്ഷയുടെ സുതാര്യ നടത്തിപ്പിന് നിരവധി ശുപാർശകളാണ് ക്രൈം ബ്രാഞ്ച് മുന്നോട്ട് വച്ചിരിക്കുന്നത്. പി എസ് സി യുടെ പരീക്ഷാ രീതിയാണ് ക്രമക്കേടിന് കാരണമെന്ന വിമർശനവും ക്രൈംബ്രാഞ്ചിന്റെ ഭാഗത്തു നിന്നുമുണ്ടായി.

ആൾ മാറാട്ടവും കോപ്പി അടിയും തടയാൻ പരീക്ഷാഹാളിൽ സി സി ടി വി സ്ഥാപിക്കണം. മൊബൈൽ ഫോൺ ഉപകരണങ്ങൾ കടത്താതിരിക്കാൻ ശാരീരിക പരിശോധന നടത്തണം. ഓൺലൈൻ പരീക്ഷ നടത്തുമ്പോൾ പോർട്ടബിൾ വൈഫൈ ഉപയോഗിക്കണം. പരീക്ഷ ഹാളിനുള്ളിൽ ക്ലോക്കുകൾ സ്ഥാപിക്കണം. ചോദ്യപേപ്പറിന്റെ ഗണം മനസിലാക്കാന്‍ കഴിയാത്തവിധം സീറ്റിങ് മാറ്റണം. ഇന്‍വിജിലേറ്റര്‍മാര്‍ക്ക് യോഗ്യത നിശ്ചയിക്കണം, വാച്ച് ഉള്‍പ്പെടെ പരീക്ഷാഹാളിൽ പാടില്ല തുടങ്ങിയവയാണ് ക്രൈംബ്രാഞ്ച് മുന്നോട്ടുവെക്കുന്നു നിർദേശങ്ങൾ.പി എസ് സി തട്ടിപ്പ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്റേതാണ് നിർദേശങ്ങൾ. എഡിജിപി ടോമിൻ തച്ചങ്കരിക്കാണ് റിപ്പോർട്ട് കൈമാറിയത്.

അതേ സമയം പി എസ് സി പരീക്ഷാ തട്ടിപ്പിലെ കുറ്റപത്രം കൈമാറാൻ ക്രൈംബ്രാഞ്ചിന് ഇതുവരെ സാധിച്ചിട്ടില്ല. 90 ദിവസത്തിനു ശേഷവും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *