ഭിന്നത രൂക്ഷം; ബി.ജെ.പി ഭാരവാഹി, കോര്‍ കമ്മിറ്റി യോഗങ്ങള്‍ മാറ്റി

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനായി നാളെ ചേരാനിരുന്ന ഭാരവാഹി,​ കോർ കമ്മിറ്റി യോഗങ്ങൾ ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ  മാറ്റി.

അഖിലേന്ത്യാ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷായിരുന്നു യോഗം വിളിച്ചത്. സന്തോഷുമായി ചർച്ചയ്ക്കില്ലെന്ന് ആർ.എസ്.എസ് നേതൃത്വം വ്യക്തമാക്കി.  തിരഞ്ഞെടുപ്പിൽ ബി.ജെ​.പി നേതാവ് കുമ്മനം രാജശേഖരനെ ഒഴിവാക്കിയതിലടക്കം ആർ.എസ്.എസ് എതി‌ർപ്പ് പ്രകടമാക്കിയിട്ടുണ്ട്.

പി.എസ് ശ്രീധരൻ പിള്ള മിസോറാം ഗവർണ്ണറായതോടെ സംസ്ഥാനത്ത് ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. വട്ടിയൂർക്കാവ് ഉപതിര‌ഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരനെ രംഗപ്രവേശം ചെയ്യിപ്പിച്ചതിന് ശേഷം പിന്നീട് സ്ഥാനാർത്ഥിത്വം നിഷേധിച്ചതും വിവാദമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കുമ്മനം അരലക്ഷം വോട്ട് പിടിച്ച വട്ടിയൂർക്കാവിൽ ബി.ജെ.പിയ്ക്ക് ഉപതിരഞ്ഞെടുപ്പിൽ 27,000 വോട്ട് മാത്രമാണ് ലഭിച്ചത്. ഇത് പാർട്ടിക്കുള്ളിൽ മുറുമുറുപ്പിന് ഇടയാക്കിയിരുന്നു. പിന്നാലെയാണ് സംസ്ഥാന അദ്ധ്യക്ഷനെ മാറ്റിയത്.

വട്ടിയൂർക്കാവ് മണ്ഡലത്തിൽ വി.കെ പ്രശാന്തിലൂടെ അട്ടിമറി വിജയമാണ് സി.പി.എം നേടിയത്. 14000ത്തിലേറെ വോട്ടിന്റെ ലീഡാണ് മണ്ഡലത്തിൽ വി.കെ പ്രശാന്ത് നേടിയത്. കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു ആർ.എസ്.എസ് നിലപാട്. എന്നാൽ,​ കുമ്മനത്തിന്റെ പേര് അവസാന നിമിഷം ബി.ജെ.പി നേതൃത്വം ഒഴിവാക്കി. പകരം അഡ്വ എസ് സുരേഷിനെയാണ് രംഗത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *