ഭവനമേഖലയ്ക്ക് 10000 കോടിയുടെ പ്രത്യേക പാക്കേജുമായി കേന്ദ്രം

ന്യൂഡൽഹി : ഭവനമേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. മുടങ്ങിക്കിടക്കുന്ന പാർ‌പ്പിട പദ്ധതികൾ പൂർത്തിയാക്കുന്നതിനാണ് പാക്കേജ്. ഇതിനാവശ്യമായ 10,000 കോടി കേന്ദ്ര സർക്കാർ നൽകും. എൽഐസി, എസ്ബിഐ എന്നിവ വഴി 25,000 കോടി രൂപ സമാഹരിക്കും. 4.58 ലക്ഷം പാർപ്പിട യൂണിറ്റുകൾ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് നടപടി. ഡൽഹിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് ഇപ്പോൾ മുടങ്ങി കിടക്കുന്ന 1,600 ഓളം ഭവന പദ്ധതികൾക്ക് പാക്കേജ് സഹായകമാകും. പദ്ധതികൾ മുടങ്ങിയതു മൂലം വീടുകൾ വാങ്ങാൻ സാധിക്കാത്തവർക്കും ഇതു ഗുണം ചെയ്യും. താങ്ങാനാവുന്നതും ഇടത്തരവുമായ ഭവന പദ്ധതികൾക്കുള്ള പ്രത്യേക പാക്കേജ് റിയൽ എസ്റ്റേറ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കുകയും ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നു നിർമല സീതാരാമൻ പറഞ്ഞു. സിമൻറ്, ഇരുമ്പ്, ഉരുക്ക് വ്യവസായങ്ങളുടെ ആവശ്യകതയും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും ഇത് ഇടയാക്കും. സാമ്പത്തിക മേഖലയിലാകെ ഒരു പുത്തൻ ഉണർവ് ഇതിലൂടെ പ്രതീക്ഷിക്കുന്നതായും ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *