യുഎസുമായും യൂറോപ്യന്‍ യൂണിയനുമായി വ്യാപാര കരാറിന് ഇന്ത്യ

ന്യൂഡല്‍ഹി: യുഎസുമായും യൂറോപ്യന്‍ യൂണിയനുമായി വ്യാപാര കരാറുകളില്‍ ഏര്‍പ്പെടുന്നതിന്റെ സാധ്യതകള്‍ ആലോചിക്കുകയാണെന്ന് കേന്ദ്ര വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ . ഇന്ത്യന്‍ വ്യവസായങ്ങള്‍ക്കും സേവനങ്ങള്‍ക്കും സാധ്യതയുള്ള വമ്പന്‍ വികസിത വിപണികളിലേക്കു കടന്നുകയറുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനു തിടുക്കമില്ലെന്നും രാജ്യതാല്‍പര്യം കണക്കിലെടുത്തു സുരക്ഷിതമായ കരാറില്‍ മാത്രമേ ഒപ്പുവയ്ക്കുകയുള്ളുവെന്നും മന്ത്രി അറിയിച്ചു.

യുഎസിന്റെ വ്യാപാര മുന്‍ഗണനാ രാഷ്ട്രങ്ങളുടെ പട്ടികയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യവും ഇന്ത്യയ്ക്കുണ്ട്. വാണിജ്യമേഖലകളില്‍ നികുതി ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയുമായി മികച്ച സഹകരണമാണ് കഴിഞ്ഞ കുറേ നാളുകളായി യുഎസ് വച്ചു പുലര്‍ത്തുന്നത്. ചൈനീസ് ഇറക്കുമതി വര്‍ധിക്കുമെന്ന ആശങ്കയാണ് ആര്‍സിഇപിയില്‍നിന്നു പിന്മാറാന്‍ ഇന്ത്യയെ പ്രേരിപ്പിച്ച പ്രധാന കാര്യം. ഈ സാഹചര്യത്തില്‍ അമേരിക്കയുമായുള്ള വാണിജ്യപങ്കാളിത്തം ഇന്ത്യക്ക് ഏറെ പ്രധാനപ്പെട്ടതാണ്.

യുഎസുമായി സ്വതന്ത്രവ്യാപാര കരാറില്‍ ഏര്‍പ്പെടില്ലെന്നതായിരുന്നു വര്‍ഷങ്ങളായി ഇന്ത്യയുടെ നിലപാട്. മോദി സര്‍ക്കാരിന്റെ തന്ത്രപ്രധാനമായ ചുവടുമാറ്റമായാണ് സാമ്പത്തികവിദഗ്ധര്‍ ഈ നീക്കത്തെ വിലയിരുത്തുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *