കെ-ഫോണ്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭാതീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്റര്‍നെറ്റ്  ശൃംഖല ശക്തിപ്പെടുത്താനും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനും ലക്ഷ്യമിടുന്ന കെ-ഫോണ്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യം നേടുന്നതിനാണ് ഈ പദ്ധതി  നടപ്പാക്കുന്നത്. പദ്ധതിയുടെ മൊത്തം ചെലവ് 1548 കോടി രൂപയാണ്. കിഫ്ബി ധനസഹായം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക.

സംസ്ഥാനത്ത് ശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിച്ച് അത് വഴി വീടുകളിലും ഓഫീസുകളിലും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതാണ് പദ്ധതി.  കെഎസ്ഇബിയും കേരളാ സ്റ്റേറ്റ്  ഐടി ഇന്‍ഫ്രാസ്ട്രെക്ടര്‍ ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ്  ലിമിറ്റഡ് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിനാണ് പദ്ധതിയുടെ ടെണ്ടര്‍ നല്‍കിയത്.

2020 ഡിസംബറോടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് ഈ പദ്ധതിയിലൂടെ അവരുടെ സേവനങ്ങള്‍ നല്ല നിലയില്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയും. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും അവരുടെ സേവനങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാക്കുന്നതിന് കെ-ഫോണുമായി സഹകരിക്കാന്‍ അവസരമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *