ജല്ലിക്കെട്ടും കാളപൂട്ടും പോലെയല്ല ശബരിമല വിധി: മുഖ്യമന്ത്രി

തിരുവനന്തപുരം: ജല്ലിക്കെട്ടും കാളപൂട്ടും പോലെയല്ല  ശബരിമല വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയതിന്റെ മാതൃകയില്‍ കേരളത്തിലും സുപ്രീംകോടതി വിധിക്കെതിരെ നിയമനിര്‍മാണം വേണമെന്ന പ്രതിപക്ഷം ഉന്നയിച്ച ആവശ്യത്തിനു നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമലയിൽ മൗലികാവകാശങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള നിയമനിര്‍മാണം സാധ്യമല്ല. കേന്ദ്ര നിയമമന്ത്രി തന്നെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ജെല്ലിക്കെട്ടുപോലെയല്ല ശബരിമല വിധി. മൗലികാവകാശങ്ങളുമായി ബന്ധപ്പെടുത്തിയാണ് സുപ്രീം കോടതി ശബരിമലയില്‍ വിധി പ്രഖ്യാപിച്ചത്. ഇനിയൊരു നിയമനിര്‍മാണം സാധ്യമല്ലെന്നാണ് സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. ഇതേ നിലപാടു തന്നെയാണ് കേന്ദ്ര സര്‍ക്കാരിനുമുള്ളത്. ഈ വസ്തുത മറച്ചുവച്ച് കേരളത്തില്‍ ഒരു വിഭാഗം ഭക്തരെ ബിജെപി കബളിക്കുകയാണ്

മുന്‍ വര്‍ഷത്തേതു പോലെ ശബരിമലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ സര്‍ക്കാരല്ല കേരളത്തിലേത്. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. വിശ്വാസത്തിന്റെ പേരു പറഞ്ഞു ഏതെങ്കിലും വിഭാഗം അക്രമത്തിനു മുതിര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കും. ക്രമസാധാനം നടപ്പാക്കേണ്ടതു സര്‍ക്കാരിന്റെ ചുമതലയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.നിയമത്തിൽ ഇടപെടാൻ സംസ്ഥാനത്തിന് അവകാശമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

എന്നാൽ ഇടപെടാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

 

Leave a Reply

Your email address will not be published. Required fields are marked *