പി.ജെ. ജോസഫിനെതിരെ സ്പീക്കർക്ക് ജോസ് വിഭാഗത്തിന്റെ കത്ത്

കോട്ടയം:  കേരള കോൺഗ്രസ് എം നേതാവ് പി.ജെ. ജോസഫിനെതിരെ സ്പീക്കർക്ക് ജോസ് കെ മാണി വിഭാഗത്തിന്റെ കത്ത്. പാർലമെന്ററി പാർട്ടി ലീഡറായി ജോസഫിനെ അംഗീകരിക്കരുത്. ഏകപക്ഷീയമായാണ് ജോസഫിനെ തിര‍ഞ്ഞെടുത്തത്. മോന്‍സ് ജോസഫിനെ ചീഫ് വിപ്പായി അംഗീകരിക്കരുതെന്നും ജോസ് വിഭാഗം ആവശ്യപ്പെട്ടു. ഡോ.എൻ. ജയരാജ് എംഎൽഎയാണ് കത്ത് നൽകിയത്.

പി.ജെ. ജോസഫ് വിളിച്ചു ചേർത്ത പാർലെമെന്ററി പാർട്ടി യോഗം ചട്ടങ്ങളുടെ പൂർണമായ ലംഘനവും   നിയമവിരുദ്ധവുമാണെന്ന് കത്തിൽ പറയുന്നു . ചെയർമാന്റെ താത്കാലിക ഒഴിവിൽ മാത്രമാണ് വർക്കിംഗ് ചെയർമാന് ചുമതലകൾ നിർവഹിക്കാൻ കഴിയുകയുള്ളുവെന്ന് കട്ടപ്പന സബ് കോടതിയുടെ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ളത് ചെയർമാന്റെ സ്ഥിരം ഒഴിവാണ്.  സ്ഥിരം ഒഴിവുള്ളപ്പോൾ   വർക്കിംഗ് ചെയർമാന് ചെയർമാന്റെ ചുമതലകൾ നിറവേറ്റാനാകില്ലെന്നും കത്തിൽ പറയുന്നു.

കെ.എം. മാണിയുടെ വിയോഗത്താൽ  കേരള കോൺഗ്രസ് എമ്മിൽ പാർലെമെന്ററി പാർട്ടി ലീഡറുടെ ഒഴിവ്  നിലവിലുണ്ട്. വിപ്പിന്റെ ഒഴിവില്ല. പാർട്ടി വിപ്പിനെ തിരഞ്ഞടുക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. റോഷി അഗസ്റ്റിൻ എംഎൽഎയെ കേരള കോൺഗ്രസ് (എം) നിയമസഭാ വിപ്പായി തിരഞ്ഞെടുത്തത് ചെയർമാനായിരുന്ന കെ.എം മാണിയാണ്.  റോഷി അഗസ്റ്റിനെ വിപ്പ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച്  യാതൊരു അറിയിപ്പും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബർ 19 ന്  പി ജെ ജോസഫ് ഇറക്കിയ നോട്ടീസിലും വിപ്പിനെ തെരഞ്ഞടുക്കുന്ന കാര്യം പറഞ്ഞിട്ടില്ല. ജോസ് കെ. മാണി എം പിയുമായി റോഷി അഗസ്റ്റിൻ എംഎൽഎക്കുള്ള ബന്ധത്തിലുള്ള അസഹിഷ്ണുത ഒന്നു കൊണ്ടു മാത്രമാണ് റോഷി അഗസ്റ്റിനെതിരെ പി.ജെ. ജോസഫ് ശത്രുതാപരമായ മനോഭാവം പിന്തുടരുന്നതെന്നും  കത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *