ആർസിഇപി കരാറില്‍ ഇന്ത്യ പങ്കാളിയാകില്ല

ബാങ്കോക്ക് : വിശാല ഏഷ്യ മേഖലാതല സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർസിഇപി) കരാറില്‍ ഇന്ത്യ തല്‍ക്കാലം പങ്കാളിയാകില്ല. ഇന്ത്യയുടെ ആശങ്ക പരിഹരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കരാര്‍ വ്യവസ്ഥകള്‍ നീതിയുക്തമല്ല. കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും താല്‍പര്യം സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആര്‍സിഇപി സമ്മേളനം ബാങ്കോക്കില്‍ പുരോഗമിക്കുകയാണ്.

അടുത്ത വര്‍ഷം കരാര്‍ ഒപ്പിടാന്‍ തത്വത്തില്‍ ധാരണയായതായി ചൈന വ്യക്തമാക്കി. കൂടാതെ മറ്റു പതിനാലു രാജ്യങ്ങളും കരാറുമായി മുന്നോട്ടുപോകും. തയാറാകുമ്പോള്‍ ഇന്ത്യക്ക് കരാറിന്റെ ഭാഗമാകാമെന്ന് ചൈനീസ് വാണിജ്യമന്ത്രി പ്രതികരിച്ചു. ആര്‍സിഇപി കരാറിലെ ചില വ്യവസ്ഥകളില്‍ ഇളവു വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ആസിയാൻ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ നരേന്ദ്ര മോദി ആർസിഇപി കരാർ പരാമർശിക്കുക പോലും ചെയ്തിരുന്നില്ല.

ചൈനയുടെ ആശീർവാദത്തോടെയുള്ള ആർസിഇപി കരാറിൽ 16 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടാകും. ചൈനയുടെ വ്യാപാരമേധാവിത്വമാണ് ഇന്ത്യയുടെ ആശങ്ക. കരാർ യാഥാർഥ്യമായാൽ അതിൽ ലോകജനസംഖ്യയുടെ പാതിയും ലോകത്തിലെ മൂന്നിലൊന്ന് ആഭ്യന്തര ഉൽപാദനവും ഉൾപ്പെടും. കരാറിൽ യുഎസ് പങ്കാളിയല്ല.

ആസിയാൻ–ഇന്ത്യ, ഈസ്റ്റ് ഇന്ത്യ, ആർസിഇപി സമ്മേളനങ്ങളിൽ പങ്കെടുക്കാനാണ് 3 ദിവസ പരിപാടികളുമായി പ്രധാനമന്ത്രി ബാങ്കോക്കിലെത്തിയത്. ദക്ഷിണപൂർവേഷ്യയിലെ ഏറ്റവും ശക്തമായ സാമ്പത്തിക സഹകരണ കൂട്ടായ്മയായ ആസിയാനിൽ ഇന്തൊനീഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പുർ, തായ്‌ലൻഡ്, ബ്രൂണയ്, വിയറ്റ്നാം, ലാവോസ്, മ്യാൻമർ , കംബോഡിയ എന്നിവ‍യാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *