ജാർഖണ്ഡിൽ നവംബർ 30 മുതൽ 5 ഘട്ടമായി തിരഞ്ഞെടുപ്പ് ; വോട്ടെണ്ണല്‍ ഡിസംബര്‍ 23ന്‌

ന്യൂഡൽഹി∙ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 30 മുതൽ അഞ്ചു ഘട്ടങ്ങളിലായി നടക്കും. ഡിസംബർ 23നാണു വോട്ടെണ്ണലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 81 അംഗ നിയമസഭയുടെ കാലാവധി ജനുവരി അഞ്ചിനു തീരാനിരിക്കെയാണ് തിരഞ്ഞെടുപ്പ്. 2014ലും അഞ്ചു ഘട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ്. നവംബർ 30, ഡിസംബർ 7, 12, 16, 20 എന്നിങ്ങനെയാണു വോട്ടെടുപ്പ് തീയതികൾ.

ആദ്യഘട്ടത്തിൽ 13ഉം രണ്ടാം ഘട്ടം 20, മൂന്നിൽ 17, നാലിൽ 15, അഞ്ചാം ഘട്ടത്തിൽ 16 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ 13 ജില്ലകൾ മാവോയിസ്റ്റ് ബാധിതമാണ്. സംസ്ഥാനത്തു പെരുമാറ്റച്ചട്ടം നിലവിൽ വന്നു. അംഗപരിമിതർക്കും 80 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും രാജ്യത്ത് ആദ്യമായി തപാൽ വോട്ടു ചെയ്യാനുള്ള സൗകര്യം ജാർഖണ്ഡ് തിരഞ്ഞെടുപ്പിന്റെ പ്രത്യേകത.

അവശ്യസേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന മറ്റുള്ളവർക്കും തപാൽ വോട്ടു ചെയ്യാൻ അനുമതിയെന്ന നിർദേശം ഡൽഹി തിരഞ്ഞെടുപ്പു മുതൽ നടപ്പാക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ സുനിൽ അറോറ വ്യക്തമാക്കി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയും ഇതോടൊപ്പം പ്രഖ്യാപിക്കുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും കമ്മിഷൻ വ്യക്തമാക്കിയില്ല.

സംസ്ഥാനത്തെ 14ൽ 11 ലോക്സഭാ സീറ്റുകളും ഇത്തവണ ബിജെപി സ്വന്തമാക്കിയിരുന്നു. കോൺഗ്രസും ജെഎംഎമ്മും ഓരോ സീറ്റുവീതം നേടി. എജെഎസ്‌യുവിനായിരുന്നു ഒരു സീറ്റ്. ഹരിയാന, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിനു പിന്നാലെയാണ് ജാർഖണ്ഡിലും തിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *