എഴുത്തച്ഛൻ പുരസ്കാരം ആനന്ദിന്‌

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരത്തിന് നോവലിസ്റ്റും ചെറുകഥാകൃത്തുമായ ആനന്ദ് അർഹനായി. സാഹിത്യരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് മന്ത്രി എ.കെ. ബാലൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷനും എം.കെ. സാനു, എം. മുകുന്ദൻ, കെ. ജയകുമാർ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിർണയിച്ചത്. രണ്ടു തവണ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം ആനന്ദ് നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാഡമി പുരസ്‌കാരവും വയലാർ അവാർഡും നേടി. 2012 മുതൽ കേരള സാഹിത്യ അക്കാഡമി വിശിഷ്ട അംഗമാണ്.

1936ൽ തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ ജനിച്ച ആനന്ദ് പട്ടാളത്തിലും ഗവൺമെന്റ് സർവീസിലും എൻജിനിയറായിരുന്നു. പി. സച്ചിദാനന്ദൻ എന്നാണ് യഥാർത്ഥ പേര്. ‘ആൾക്കൂട്ടം, മരണ സർട്ടിഫിക്കറ്റ് ‘ എന്നീ നോവലുകളിലൂടെയാണ് ആനന്ദ് വായനക്കാർക്ക് പ്രിയങ്കരനായത്. ആധുനിക നോവൽ സാഹിത്യത്തിലെ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കപ്പെട്ട കൃതിയാണ് ‘ആൾക്കൂട്ടം’ ‘അഭയാർത്ഥികൾ, മരുഭൂമികൾ ഉണ്ടാകുന്നത്, വ്യാസനും വിഘ്‌നേശ്വരനും, ഗോവർദ്ധന്റെ യാത്രകൾ’ എന്നിവ പ്രധാന നോവലുകളാണ്. ‘വീടും തടവും, ഒടിയുന്ന കുരിശ്, ഇര, സംവാദം’ എന്നിവ ചെറുകഥാസമാഹാരങ്ങളും ‘ശവ ഘോഷയാത്ര’ നാടകവുമാണ്. ‘ഇടപെടലുകൾ, ആനന്ദിന്റെ ലേഖനങ്ങൾ, ജൈവമനുഷ്യൻ, വേട്ടക്കാരനും വിരുന്നുകാരനും, നഷ്ടപ്രദേശങ്ങൾ’ എന്നിവ അദ്ദേഹത്തിന്റെ ഉപന്യാസപഠന ഗ്രന്ഥങ്ങളാണ്

Leave a Reply

Your email address will not be published. Required fields are marked *