പാകിസ്ഥാൻ വിയന്ന കൺവെൻഷൻ ലംഘിച്ചു

യു. എൻ: ചാരവൃത്തിയും ഭീകരപ്രവർത്തനവും ആരോപിച്ച് വധശിക്ഷ വിധിക്കപ്പെട്ട ഇന്ത്യൻ പൗരൻ കുൽഭൂഷൺ യാദവിന്റെ കേസിൽ പാകിസ്ഥാൻ വിയന്ന കൺവെൻഷൻ ലംഘിച്ചതായി അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസിഡന്റായ ജഡ്‌ജി അബ്ദുൾഖാവി യൂസഫ് ഐക്യരാഷ്ട്ര പൊതുസഭയിൽ വ്യക്തമാക്കി.

ഇന്ത്യയുടെ അപ്പീലിൽ കുൽഭൂഷൺ യാദവിന്റെ വധശിക്ഷ പുനഃപരിശോധിക്കാൻ അന്താരാഷ്‌ട്ര കോടതി ഉത്തരവിട്ടിരുന്നു. കേസ് സംബന്ധിച്ച് 193 അംഗ യു. എൻ. പൊതുസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പാകിസ്ഥാനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തൽ. വിയന്ന കൺവെൻഷന്റെ ആർട്ടിക്കിൾ 36 പ്രകാരമുള്ള വ്യവസ്ഥകളാണ് പാകിസ്ഥാൻ ലംഘിച്ചതെന്നും അതിന് ഉചിതമായ പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. തടവുകാരുടെ അടിസ്ഥാന അവകാശങ്ങൾ നിറവേറ്റുന്നത് സംബന്ധിച്ച വ്യവസ്ഥകളാണ് ലംഘിച്ചത്.

പാകിസ്ഥാന്റെ ചട്ടലംഘനങ്ങൾ കണക്കിലെടുക്കുമ്പോൾ ഉചിതമായ പരിഹാരം കുൽഭൂഷന്റെ വധശിക്ഷ പുനഃപരിശോധിക്കുകയാണെന്നും ജഡ്ജി യൂസഫ് ചൂണ്ടിക്കാട്ടി. കോടതിയുടെ ഈ വിധി പാലിക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ലോകകോടതി വിധിയുടെ അടിസ്ഥാനത്തിൽ വിയന്ന കൺവെൻഷൻ പ്രകാരമുള്ള തന്റെ അവകാശങ്ങളെ പറ്റി പാകിസ്ഥാൻ കുൽഭൂഷണെ ധരിപ്പിക്കുകയും അദ്ദേഹത്തെ കാണാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെയും അനുവദിക്കുകയും ചെയ്‌തെന്നും ജ‌ഡ്‌ജി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *