കെ. മോഹൻദാസ് അദ്ധ്യക്ഷനായി പതിനൊന്നാം ശമ്പള കമ്മിഷൻ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്കരണത്തിനായുള്ള പതിനൊന്നാമത് ശമ്പളകമ്മിഷൻ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മുൻ കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറിയും റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥനുമായ കെ. മോഹൻദാസ് അദ്ധ്യക്ഷനും ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ അശോക് മാമ്മൻ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലാ ബഡ്ജറ്റ് സ്റ്റഡീസ് സെന്റർ ഓണററി ചെയർമാൻ പ്രൊഫ.എൻ.കെ. സുകുമാരൻ നായർ എന്നിവർ അംഗങ്ങളുമാണ്. ആറ് മാസത്തിനകം റിപ്പോർട്ട് നൽകണം. കമ്മിഷന്റെ പത്തിന മാനദണ്ഡങ്ങളും അംഗീകരിച്ചു.

അഞ്ചര ലക്ഷത്തോളം ജീവനക്കാർക്കും നാല് ലക്ഷത്തിനടുത്ത് പെൻഷൻകാർക്കുമുള്ള ആനുകൂല്യങ്ങളുടെ പുനർനിർണ്ണയമാണ് കമ്മിഷന്റെ ചുമതല. കാഷ്വൽ സ്വീപ്പർ, പാർട്ട് ടൈം കണ്ടിജന്റ് സർവ്വീസ് അടക്കമുള്ള സർക്കാർ ജീവനക്കാർ, സർക്കാർ എയ്ഡഡ് സ്കൂൾ അദ്ധ്യാപകർ, കോളേജ് അദ്ധ്യാപകർ, സർവകലാശാല, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർ തുടങ്ങിയവരുടെ ആനുകൂല്യങ്ങൾ കമ്മിഷന്റെ പരിധിയിൽ വരും. ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ, സേവന വ്യവസ്ഥകൾ, സ്ഥാനക്കയറ്റം തുടങ്ങിയവ കമ്മിഷൻ പരിശോധിക്കണം. ദീർഘകാല സർവ്വീസുള്ള ഗസറ്റഡ്, നോൺ ഗസറ്റഡ് ജീവനക്കാർക്കായി നോൺ കേഡർ പ്രൊമോഷൻ സാദ്ധ്യത, സർവ്വീസ് പെൻഷണർമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ തുടങ്ങിയവ പരിശോധിച്ച് ഭേദഗതികൾ നിർദ്ദേശിക്കണം. കേന്ദ്ര ജീവനക്കാർക്ക് ലഭിക്കുന്നതും സംസ്ഥാന ജീവനക്കാർക്ക് ലഭ്യമല്ലാത്തതുമായ ആനുകൂല്യങ്ങൾക്കുള്ള സാധ്യതകളും പരിഗണിക്കാം. മുൻ ശമ്പളകമ്മിഷന്റെ അപാകങ്ങളും പരിഹാരങ്ങളും നിർദ്ദേശിക്കണം.

സർക്കാരുദ്യോഗസ്ഥ സംവിധാനത്തിന്റെ കാര്യക്ഷമതയും സാമൂഹ്യ ഉത്തരവാദിത്വവും വർദ്ധിപ്പിക്കാനും സർക്കാർ സംവിധാനം കൂടുതൽ ജനസൗഹൃദവുമാക്കാനുമുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കണം. ഉദ്യോഗസ്ഥ സംവിധാനം എത്രത്തോളം സ്ത്രീ സൗഹൃദപരമാക്കാം, വനിതാ ഉദ്യോഗസ്ഥരുടെ വിവിധ പ്രശ്നങ്ങൾ, അവയ്ക്കുള്ള പരിഹാര മാർഗ്ഗങ്ങൾ എന്നിവ നിർദ്ദേശിക്കണം. ശമ്പള നിർണ്ണയത്തിനുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും പരിശോധിക്കുകയും പാഴ്‌ച്ചെലവും സമയനഷ്ടവും ഒഴിവാക്കി നടപടികൾ ലഘുകരിക്കാനുള്ള നിർദ്ദേശങ്ങൾ നല്കുകയും വേണം. കമ്മിഷൻ ശുപാർശകൾ നടപ്പാക്കുമ്പോഴുണ്ടാകുന്ന അധിക ബാധ്യതയും ചൂണ്ടിക്കാട്ടണം.

Leave a Reply

Your email address will not be published. Required fields are marked *