ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു

കൊൽക്കത്ത: സി.പി.ഐ മുൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലെ അതികായനും മുൻ ലോക്‌സഭാംഗവും പ്രഗൽഭ പാർലമെന്റേറിയനുമായിരുന്ന ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു. നവംബർ 3ന് 83ാം പിറന്നാളിന് മൂന്ന് ദിവസം ശേഷിക്കെ കൊൽക്കത്തയിലെ വസതിയിൽ ഇന്നലെ രാവിലെ ആറ് മണിയോടെയായിരുന്നു അന്ത്യം. ജയശ്രീ ദാസ് ഗുപ്തയാണ് ഭാര്യ. ഒരു മകളുണ്ട്.

ശ്വാസകോശാർബുദത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം സജീവ രാഷ്ട്രീയം വിട്ടിരുന്നു. ഭൗതിക ദേഹം ഇന്ന് രാവിലെ സി.പി.ഐ ബംഗാൾ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്‌ക്കും. ഉച്ചയ്ക്ക് ശേഷം സംസ്‌കരിക്കും. ചടങ്ങിൽ സി .പി .ഐ കേരള ഘടകത്തെ പ്രതിനിധീകരിച്ച് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പങ്കെടുക്കും.മരണത്തിൽ അനുശോചിച്ച് സി.പി.ഐ മൂന്നുദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു.

ട്രേഡ് യൂണിയൻ രംഗത്ത് ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം 2001 മുതൽ 2017വരെ എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറിയായിരുന്നു. മൂന്ന് തവണ രാജ്യസഭാംഗവും രണ്ട് തവണ ലോക്‌സഭാംഗവുമായിരുന്നു. ബംഗ്ലാദേശിലെ ബാരിസലിൽ 1936 നവംബർ മൂന്നിന് ജനനം. വിദ്യാർത്ഥികാലം മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് സി. പി. ഐ കോൺഗ്രസിനൊപ്പം ചേർന്നതിനെ പാർട്ടിക്കുള്ളിൽ നിന്ന് നിശിതമായി വിമർശിച്ച തീപ്പൊരി നേതാവായിരുന്നു. 1986ൽ സി.പി.ഐ ദേശീയ കൗൺസിൽ അംഗമായി. 2015 പോണ്ടിച്ചേരി പാർട്ടി കോൺഗ്രസിലാണ് ദേശീയ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.1985ൽ ആദ്യമായി രാജ്യസഭാംഗമായി. 1988ലും 1994ലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2004ൽ പശ്ചിമബംഗാളിലെ പൻസ്കുരയിൽ നിന്നും 2009ൽ ഘട്ടാലിൽ നിന്നും ലോക്സഭാംഗമായി. ടുജി സ്‌പെക്ട്രം അഴിമതി അന്വേഷിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റിയിലടക്കം നിരവധി പാർലമെന്ററി സമിതികളിൽ അംഗമായി.

ഗുപ്തയുടെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *