നാളെ വോട്ടെണ്ണല്‍; പ്രതീക്ഷയര്‍പ്പിച്ച് മുന്നണികള്‍

തിരുവനന്തപുരം: ഉപതെര‌‌ഞ്ഞെടുപ്പ് നടന്ന മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നാളെ രാവിലെ എട്ടിന് ആരംഭിക്കും. എട്ടരയോടെ ആദ്യ ഫലസൂചന അറിയാം. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും പാർട്ടി തല കണക്കുകൂട്ടലുകൾ പൂർത്തിയാക്കി ഫലത്തിനായുള്ള കാത്തിരിപ്പിലാണ് മുന്നണികള്‍.

എൻഎസ്എസ്-എസ്എൻഡിപി-ഓർത്തോക്സ് നിലപാടുകൾ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ ഉപതെര‍ഞ്ഞെടുപ്പ് കേരളത്തിന്‍റെ സാമുദായിക രാഷ്ട്രീയ രംഗത്തും ചൂണ്ടുപലകയാണ്. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അഞ്ച് മണ്ഡലങ്ങളിലും പൂർത്തിയായി.

രാവിലെ എട്ടിന് തപാൽ വോട്ടുകൾ ഒരു ടേബിളിൽ എണ്ണിത്തുടങ്ങും. അപ്പോൾ തന്നെ സ്ട്രോങ് റൂമിൽ നിന്ന് വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണുന്ന 14 മേശകളിലേക്ക് മാറ്റിത്തുടങ്ങും. ഒരു റൗണ്ടിൽ 14 മെഷീനുകൾ എണ്ണും. ഇങ്ങനെ 12 റൗണ്ടുകളിലൂടെ വോട്ടെണ്ണൽ പൂർത്തിയാകും. ഓരോ മണ്ഡലത്തിലെയും 5 ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളും നറുക്കിട്ടെടുത്ത് എണ്ണും. ഓരോ റൗണ്ട് കഴിയുമ്പോഴും സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ പ്രഖ്യാപിക്കും. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിക്കഴിഞ്ഞിട്ടാകും ഔദ്യോഗിക ഫലപ്രഖ്യാപനമെങ്കിലും അനൗദ്യോഗികമായി ഫലം ഉച്ചയോടെ അറിയാം.

Leave a Reply

Your email address will not be published. Required fields are marked *