എൽ.ഡി.എഫിന്റെ ജനകീയ അടിത്തറയും പിന്തുണയും വർദ്ധിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ ആറിൽ മൂന്നിടങ്ങളിൽ എൽ.ഡി.എഫ് വിജയിച്ചെന്നും എൽ.ഡി.എഫിന്റെ ജനകീയ അടിത്തറയും പിന്തുണയും വർദ്ധിച്ചെന്നും
മുഖ്യമന്ത്രി പിണറായി വിജയൻ.

മതനിരപേക്ഷ രാഷ്ട്രീയം വർഗീയതയ്ക്കെതിരെ നേടിയെടുത്ത വിജയമാണിതെന്നും 2016ൽ 91 എം.എൽ.എമാരുണ്ടായിരുന്ന എൽ.ഡി.എഫിന് ഇപ്പോൾ 93 എം.എൽ.എമാരായി കൂടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരത്ത് ചേർന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ബി.ജെ.പി വലിയ നേട്ടം ഉണ്ടാക്കുമെന്നാണ് അവകാശപ്പെട്ടത്. എന്നാൽ ബി.ജെ.പിയെയും അവരുടെ വർഗീയ അജൻഡയെയും കേരളത്തിലെ ജനങ്ങൾ തള്ളിക്കളയുകയാണ് ചെയ്തത്. ലോക്സഭ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്നു ബി.ജെ.പി ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. മണ്ഡലത്തിൽ ത്രികോണ മത്സരം കാഴ്ചവയ്ക്കാൻ ബി.ജെ.പിക്ക് സാധിച്ചില്ല.

സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതി എങ്ങോട്ടാണെന്ന് തെളിയിക്കുന്ന വിജയമാണ് വട്ടിയൂർക്കാവിൽ വി.കെ പ്രശാന്ത് നേടിയത്. കോൺഗ്രസ് നേതത്വം നൽകുന്ന യു.ഡി.എഫ് കേരളത്തിൽ അപ്രസക്തമാകുന്ന അവസ്ഥയാണ് കാണുന്നത്. അരൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു സി.പുളിക്കലിന്റെ തോൽവി വിശദമായി പരിശോധിക്കുമെന്ന് പറ‌ഞ്ഞ മുഖ്യമന്ത്രി എൻ.എസ്.എസിനെയും വിമർശിച്ചു. എൻ.എസ്.എസിന്റെ നിലപാട് ഞങ്ങൾ കാര്യമായി എടുത്തില്ല. ജനങ്ങളെ ആരുടെയും മുണ്ടിന്റെ കോന്തലയിൽക്കെട്ടി നടത്താനാവില്ലെന്നും അവർക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള കഴിവുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരഞ്ഞെടുപ്പിലെ വിജയിച്ച സ്ഥാനാർത്ഥികളെയും വോട്ട് ചെയ്ത ജനങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. എൽ.ഡി.എഫിന് അഭിമാനകരമായ വിജയം സമ്മാനിച്ച ജനങ്ങളെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാർദമായി അഭിവാദ്യം ചെയ്യുന്നു. എല്ലാ വിധ ദുഷ്പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞ് തങ്ങളുടെ അനുഭവങ്ങളെ മുൻ നിർത്തിക്കൊണ്ട് എൽ.ഡി.എഫിന് സർക്കാരിനും പിന്തുണ നൽകിയ വോട്ടർമാക്ക് നന്ദി പറയുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങളിൽ ഏൽപ്പിക്കുന്നുവെന്ന തിരിച്ചറിവ് തന്നെയാണ് ഞങ്ങൾക്കുള്ളത്. ഒരു കാര്യം മാത്രമേ ജനങ്ങളോട് വിനയാന്വിതനായി വ്യക്തമാക്കാനുള്ളൂ, ജനങ്ങൾ എൽ.ഡി.എഫിനും സർക്കാരിനും അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും അവരുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ എല്ലാ ശ്രമവും നടത്തുമെന്ന് ഒരിക്കൽ കൂടി പ്രഖ്യാപിക്കാൻ ഈ അവസരം ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *