രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ല: മുഖ്യമന്ത്രി

ന്യൂഡൽഹി:  സിപിഎം– ബിജെപി വോട്ടുകച്ചവട ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഇടതുമുന്നണി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വെല്ലുവിളി എല്ലാ അർഥത്തിലും ഏറ്റെടുക്കുന്നു. മുല്ലപ്പള്ളിയുടെ പക്കൽ തെളിവുണ്ടെങ്കിൽ വെളിപ്പെടുത്താം.

പൊയ്‍വെടികൾ കൊണ്ടൊന്നും രക്ഷപ്പെടാമെന്നു കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകളിൽ സിപിഎമ്മും ബിജെപിയും വോട്ടുകച്ചവടം സംബന്ധിച്ചു ധാരണയിലെത്തിയെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചിരുന്നു. പാലായിൽ നടത്തിയതുപോലുള്ള വോട്ടുകച്ചവടം ഈ ഉപതിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം.

ബന്ദിപ്പൂർ പാതയിലെ യാത്രാനിരോധന പ്രശ്നത്തിൽ ഇടപെടൽ ആവശ്യപ്പെട്ടു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറുമായി ചർച്ച നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. യാത്രാ നിരോധനം പൂർണമാക്കാനുള്ള നീക്കമുണ്ട്. പകലും യാത്ര നിരോധിക്കാനാണു നീക്കം. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ട്. വയനാട്ടിലെ ജനങ്ങളാകെ പ്രതിഷേധത്തിന്റെ ഭാഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *