നവീകരിച്ച കടൽപാലം തകർന്നുവീണു; 13 പേര്‍ക്ക് പരുക്ക്

കോഴിക്കോട്:കോഴിക്കോട് സൗത്ത് ബീച്ചില്‍ നവീകരിച്ച കടല്‍പാലം തകർന്നുവീണ‌ു 13 പേര്‍ക്ക് പരുക്ക്. സുമേഷ്(29), എല്‍ദോ(23), റിയാസ്(25), അനസ്(25), ശില്‍പ(24), ജിബീഷ്(29), അഷര്‍(24), സ്വരാജ്(22), ഫാസില്‍(21), റംഷാദ്(27), ഫാസില്‍(24), അബ്ദുള്‍ അലി(35), ഇജാസ്(21) എന്നിവര്‍ക്കാണു പരുക്കേറ്റത്. ചൊവ്വാഴ്ച രാത്രി 7.45 ഓടെയായിരുന്നു സംഭവം.

ബീച്ചിലെത്തിയവർ കടല്‍പാലത്തിനു മുകളില്‍ കയറിയ സമയത്തു പാലത്തിന്റെ ഒരു ഭാഗത്തെ സ്ലാബ് പൊട്ടിവീഴുകയായിരുന്നു. ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശം ലംഘിച്ചു കടല്‍പാലത്തിന് മുകളില്‍ കയറിയവരാണ് അപകടത്തില്‍പെട്ടത്. ഇവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ ശില്‍പയുടെ തലയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്കെല്ലാം നിസാര പരിക്കാണ്.

അപകടം നടന്ന ഭാഗത്ത് കടല്‍ വെള്ളത്തില്‍ രക്തം കണ്ടുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ബീച്ച് ഫയര്‍ഫോഴ്‌സും ടൗണ്‍പൊലിസും സ്ലാബുകള്‍ നീക്കി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ജെസിബി കൊണ്ടുവന്നു സ്ലാബുകള്‍ നീക്കി രക്ഷാപ്രവര്‍ത്തനം നടത്താനായിരുന്നു അധികൃതര്‍ ആദ്യം ശ്രമിച്ചിരുന്നത്. എന്നാല്‍ ബീച്ചിലേക്ക് ജെസിബി എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ കട്ടര്‍ ഉപയോഗിച്ച് സ്ലാബുകള്‍ മുറിച്ചു നീക്കിയാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *