പ്രവാസി ചിട്ടി: കെഎസ്‌എഫ്‌ഇ-എഫ്‌ഇആര്‍ജി സഹകരണ ചര്‍ച്ച വിജയകരം

ദുബയ്: കെഎസ്‌എഫ്‌ഇ പ്രവാസി ചിട്ടിയിലേക്ക് യുഎഇയില്‍ നിന്ന് മണി എക്‌സ്‌ചേഞ്ചുകള്‍ മുഖേന പണമയക്കുന്നതു സംബന്ധിച്ച്‌ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസകും എക്‌സ്‌ചേഞ്ചുകളുടെ കൂട്ടായ്മയായ ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്റ് റെമിറ്റന്‍സ് ഗ്രൂപ്പ് (എഫ്‌ഇആര്‍ജി) ഉന്നതരും തമ്മില്‍ ചര്‍ച്ച നടത്തി. ചര്‍ച്ച ഏറെ ആശാവഹവും ക്രിയാത്മകവുമായിരുന്നുവെന്ന് ഡോ. തോമസ് ഐസക്, എഫ്‌ഇആര്‍ജി ചെയര്‍മാന്‍ മുഹമ്മദ് അല്‍ അന്‍സാരി, സെക്രട്ടറിയും ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡിയുമായ അദീബ് അഹ്മദ് എന്നിവര്‍ വ്യക്തമാക്കി.

യുഎഇയിലെ ഏറ്റവും വലിയ ജനസമൂഹം എന്ന നിലയില്‍ ഇന്ത്യക്കാരുടെയും പ്രത്യേകിച്ച്‌ കേരളത്തിന്റേയും സാമൂഹിക സാമ്ബത്തിക മുന്നേറ്റങ്ങളില്‍ ഒന്നിച്ചു നീങ്ങാനാവുക എന്നത് അഭിമാനകരമാണെന്ന് മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു. പണം കൈമാറ്റം എന്ന സുപ്രധാന ബന്ധം വര്‍ഷങ്ങളായി ഏറെ വിശ്വാസ്യതയോടെ യുഎഇയിലെ എക്‌സ്‌ചേഞ്ചുകള്‍ നിര്‍വഹിച്ചു വരികയാണ്. കേരളത്തിന്റെ വികസനം എന്നത് കേരളവുമായി ബന്ധവും സ്‌നേഹവും പുലര്‍ത്തുന്ന ഓരോരുത്തരുടെയും താല്‍പര്യമാണ്. പ്രവാസി ചിട്ടിയിലേക്ക് പണമെത്തിക്കുന്ന പ്രക്രിയയില്‍ ഭാഗമാവുന്നതില്‍ സന്തോഷമേയുള്ളൂ എന്ന് അദീബ് അഹ്മദ് വ്യക്തമാക്കി.

വിഷയത്തില്‍ രണ്ടു മാസത്തിനകം തീരുമാനമുണ്ടാവുമെന്ന് ധനമന്ത്രി വെളിപ്പെടുത്തി. നിലവില്‍ ഒമാനിലെ എക്‌സ്‌ചേഞ്ചുകള്‍ മുഖേനെ പ്രവാസി ചിട്ടിയില്‍ നിന്ന് പണമയക്കുന്നതിന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് അനുമതി നല്‍കിക്കഴിഞ്ഞു. യുഎഇ സെന്‍ട്രല്‍ ബാങ്ക് അധികൃതരോടും അനുമതിക്ക് അപേക്ഷിക്കുന്നുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും അനുമതി വേണ്ടതുണ്ട്. കെഎസ്‌എഫ്‌ഇയുടെയും എഫ്‌ഇആര്‍ജിയുടെയും പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന സംയുക്ത സമിതിക്ക് വൈകാതെ രൂപം നല്‍കും. എക്‌സ്‌ചേഞ്ച് വഴി ചിട്ടി വരിക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്കാണോ കെഎസ്‌എഫ്‌ഇയിലേക്കാണോ പണം അയക്കേണ്ടത്, ഈടാക്കുന്ന ഫീസ് എന്നിവയെല്ലാം സംബന്ധിച്ചും അന്തിമ ചിത്രം തെളിയുവാനുണ്ട്. ഉസാമ അല്‍ റഹ്മ, രാജീവ് റായ് പഞ്ചോളിയ, ഡോ. റാം ബുക്‌സാനി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *