വളർച്ചാനിരക്ക് 6.1​% ആയി കുറയും; ഇന്ത്യയുടേത് അതിവേഗം വളരുന്ന സമ്പദ്‌ഘടന

ന്യൂയോർക്ക് : സാമ്പത്തിക രംഗം ആഗോളതലത്തിൽ മാന്ദ്യം നേരിടുന്ന സാഹചര്യത്തിലും ലോകത്ത് അതിവേഗം വളരുന്ന സമ്പദ്‌ഘടനയെന്ന സ്ഥാനം ചൈനയ്ക്കൊപ്പം പങ്കിട്ട് ഇന്ത്യ. ചൊവ്വാഴ്ച രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ 2019–2020 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന വളർച്ചാ (ജിഡിപി) 6.1 ശതമാനമായി കുറയുമെന്നും ഐഎംഎഫ് റിപ്പോർട്ടിൽ പറയുന്നു. ഏപ്രിലില്‍ ഐഎംഎഫ് പ്രവചിച്ചിരുന്നതിനേക്കാള്‍ 1.2 ശതമാനം കുറവാണിത്. 7.3 ശതമാനമായിരുന്നു ഏപ്രിലിലെ പ്രവചനം.

വര്‍ധിച്ചുവരുന്ന വ്യാപാര-രാഷ്ട്രീയ സംഘര്‍ഷങ്ങളും ബ്രക്സിറ്റ് ഉൾപ്പെടെയുള്ള സംഭവവികാസങ്ങളും മാന്ദ്യത്തിന്റെ ആക്കം കൂട്ടിയെന്നും 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഈ വർഷത്തേതെന്നും ഐഎംഎഫ് മുഖ്യസാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് പറഞ്ഞു.

ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യമുണ്ടെന്ന വസ്തുത നിലനിൽക്കുമ്പോൾ തന്നെ ആഗോളതലത്തിൽ നിരീക്ഷിക്കുമ്പോൾ രാജ്യത്തിന്റെ സ്ഥിതി ഭദ്രമാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഈ വർഷം ആഗോള സാമ്പത്തിക വളര്‍ച്ചാനിരക്ക് മൂന്നു ശതമാനമാണ്. അടുത്ത വർഷം ഇത് 3.4 ശതമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഓട്ടമൊബീൽ, റിയൽ എസ്റ്റേറ്റ് മേഖലകളിലെ പ്രതിസന്ധികളും ബാങ്ക് ഇതര ധനകാര്യ കമ്പനികളുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവുമാണ് രണ്ടാം പാദത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തകരാൻ കാരണമെന്ന് ഐഎംഎഫിന്റെ റിപ്പോർട്ടിൽ പറയുന്നു. 2018-ലെ ഇന്ത്യയുടെ യഥാർഥ വളര്‍ച്ചാ നിരക്ക് 6.8 ശതമാനമായിരുന്നു. 2020-ല്‍ വളര്‍ച്ചാ നിരക്ക് 7.0 ശതമാനത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ശക്തമായ ധനനയവും ഘടനാപരമായ പരിഷ്കാരങ്ങളും ഇന്ത്യ നടപ്പാക്കണമെന്നും ഐഎംഎഫ് നിർദേശിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *