പോഷക ഗുണങ്ങളുമായി പുതിയ മിൽമ പാൽ വിപണിയിലേക്ക്

നെടുമ്പാശേരി: കൂടുതൽ പോഷകഗുണം ഉറപ്പാക്കാനായി വൈറ്റമിൻ എ., വൈറ്റമിൻ ഡി എന്നിവ ചേർത്ത് പാൽ മിൽമ വിപണിയിലെത്തിക്കുന്നു. പാലിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ രാവിലെ 10.30ന് ആലുവ ദേശം ഗ്രീൻപാർക്കിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുമെന്ന് മിൽമ ഫെഡറേഷൻ ചെയർമാൻ പി.എ. ബാലൻ മാസ്‌റ്റർ പത്രസമ്മേളനത്തിൽ പറഞ്ഞു.

ചടങ്ങിൽ പി.എ. ബാലൻ മാസ്‌റ്റർ അദ്ധ്യക്ഷത വഹിക്കും. അൻവർ സാദത്ത് എം.എൽ.എ., മിൽമ മേഖലാ ചെയർമാൻ ജോൺ തെരുവത്ത്, കല്ലട രമേശ്, യൂസഫ് കോറോത്ത്, വിവേക് അറോറ, ഗാഥരാജ്, ദിലീപ് കപ്രശേരി, ജേക്കബ് തോമസ്, ഡോ. പാട്ടീൽ സുയോഗ് സുഭാഷ് റാവു എന്നിവർ സംസാരിക്കും.

വൈറ്റമിനുകളുടെ കുറവുമൂലം കാഴ്‌ചക്കുറവ്, ബലക്ഷയം തുടങ്ങിയ രോഗങ്ങൾ രാജ്യത്ത് വർ‌ദ്ധിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ 62 ശതമാനം കുട്ടികളിൽ വൈറ്റമിൻ എയുടെയും 70 ശതമാനത്തോളം പേരിൽ വൈറ്റമിൻ ഡിയുടെയും കുറവുണ്ട്. നാഷണൽ ഫുഡ് സേഫ്‌റ്റി അതോറിട്ടി ഒഫ് ഇന്ത്യയുടെ നിബന്ധനകൾക്ക് വിധേയമായി നാഷണൽ ഡെയറി ഡവലപ്‌മെന്റ് ബോർഡിന്റെ സഹകരണത്തോടെയാണ് പാലിൽ കൂടുതൽ വൈറ്റമിനുകൾ ചേർക്കുന്നത്.

എട്ടുകോടി രൂപ ചെലവഴിച്ച് ഇടപ്പള്ളി മിൽമയിൽ അത്യാധുനിക ലാബ് സ്ഥാപിക്കാൻ നടപടി തുടങ്ങി. സ്വകാര്യ വ്യക്തികൾക്കും ഇവിടെ പാലിന്റെ പരിശോധന നടത്താം. പതിനൊന്ന് മിൽമാ ഡയറികളിലും 85 ലക്ഷം രൂപ ചെലവഴിച്ച് മിൽകോസ് കാനുകൾ സ്ഥാപിക്കുമെന്നും പി.എ. ബാലൻ മാസ്‌റ്റർ പറഞ്ഞു. ജോൺ തെരുവത്ത്, ഡെയറി ഡവലപ്‌മെന്റ് ബോർഡ് സീനിയർ മാനേജർ റോമി ജേക്കബ്, മിൽമ മേഖല സീനിയർ മാനേജർ ജെ. വിൽസൺ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *